പി ടി തോമസ്‌ ഇല്ലാതെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മാത്രം സന്നിഹിതനായിരുന്ന സംഭവമായിരുന്നെങ്കിൽ മനോരമയുടെ ഒന്നാംപേജിൽ നിറയേണ്ട വാർത്തയായിരുന്നു: പി രാജീവ്‌



കൊച്ചി > കൊച്ചിയിൽ ആദായനികുതി വകുപ്പ്‌ പണം പിടിച്ച സംഭവത്തിൽ പി ടി തോമസ്‌ എംഎൽഎ ഉൾപ്പെട്ടില്ലായിരുന്നുവെങ്കിൽ മലയാള മനോരമയുടെ ഒന്നാം പേജിൽ ഇടം പിടിക്കേണ്ട വാർത്തയായിരുന്നു എന്ന്‌ പി രാജീവ്‌. പി ടി തോമസ് എംഎൽഎയെ പറ്റി മലയാള മനോരമ വാർത്ത കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണ്‌, സ്‌മരണാഞ്ജലികൾക്കും ചരമ പരസ്യങ്ങൾക്കുമിടയിൽ "പണം പിടിച്ച സംഭവം ' എന്ന വാർത്തയുണ്ട് ! അത് ഒരു സംഭവമാണ് എന്ന് സമ്മതിച്ചിട്ടുണ്ട് - രാജീവ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. അപകീർത്തി പ്രചാരണത്തിനെതിരെ പി ടി തോമസ് എന്നത് തലക്കെട്ടിൽ തന്നെ കൊടുത്തിട്ടുണ്ട്. വാർത്തയിൽ 'സംഭവം ' ആദ്യ വരികളിലേയുള്ളു. പിന്നീടുള്ളതെല്ലാം പിടി തോമസിൻ്റെ വിശദീകരണം മാത്രമാണ്. പി ടി തോമസിൻ്റ നേതൃത്വമില്ലാതെ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മാത്രം സന്നിഹിതനായിരുന്ന സംഭവമായിരുന്നു എങ്കിൽ മനോരമയുടെ ഒന്നാം പേജ് നിറഞ്ഞു നിൽക്കേണ്ടിയിരുന്ന വാർത്തയായിരുന്നു!. മാധ്യമ സമീപനങ്ങളെ സംബന്ധിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പത്ര സമ്മേളനത്തിൽ പറഞ്ഞ കാര്യത്തിന് ഇതിനേക്കാളും നല്ല ഉദാഹരണം മറ്റൊന്നുണ്ടാകില്ല. പിടി തോമസ് ആരോപണങ്ങൾ ഉന്നയിക്കുന്ന രീതി നോക്കുകയാണെങ്കിൽ അദ്ദേഹത്തിന് നിർത്താതെ ദിവസങ്ങളോളം പത്ര സമ്മേളനം നടത്താൻ കഴിയേണ്ട വിഷയമാണിത്. കുടികിടപ്പുകാരൻ്റെ വീട് തകർത്ത് നിരപ്പാക്കാൻ ജെ സി ബി പുറത്ത് നിർത്തിയ ചർച്ചക്കാണ് താൻ മധ്യസ്ഥത വഹിച്ചതെന്ന് എംഎൽഎ തന്നെ സാക്ഷ്യപ്പെടുത്തുന്നു. റോഷൻ ആൻഡ്രൂസിൻ്റെ സിനിമയിൽ പോലും എം എൽ എ ഇത്രയും ധൈര്യം കാണിക്കില്ല .500 രൂപയുടെ മുദ്ര പേപ്പറിൽ എഴുതിയ കരാറിൽ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ നൽകുമെന്ന് എഴുതി വെച്ചിട്ട് എം എൽ എ യുടെ സാന്നിധ്യത്തിൽ പണമായി നൽകുന്നു . 2 ലക്ഷം രൂപയിൽ ബാങ്ക് വഴിയല്ലാതെ സാമ്പത്തിക ഇടപാട് നടത്തിയാൽ നിയമപ്രകാരം കുറ്റകരമായ രാജ്യത്ത് എംഎൽഎ തന്നെ അതിന് കൂട്ടുനിൽക്കുന്നു. അതു വഴി കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റകൃത്യത്തെ സഹായിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ നിയമപ്രകാരം നടത്താതെ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുന്ന തട്ടിപ്പിന് കൂട്ടുനിന്നിരിക്കുന്നു. 80 ലക്ഷം കൈപ്പറ്റിയെന്ന് എഴുതി ഒപ്പിട്ടു വാങ്ങിച്ച് റിയൽ എസ്‌റ്റേറ്റ്കാരന് കൊടുത്തത് അദ്ദേഹം തന്നെയെന്ന് വ്യക്തമാക്കി. എന്നാൽ ആദായ നികുതിക്കാർ വന്ന് പരിശോധിച്ചപ്പോൾ 50 ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നു. അപ്പോൾ ആ ദരിദ്രകുടുംബത്തെ പറ്റിക്കുന്നതിനും കൂട്ടുനിന്നിരിക്കുന്നു. ഇതെല്ലാം വസ്‌തുതകൾ മാത്രമാണ്. അദ്ദേഹം തന്നെ സമ്മതിച്ച കാര്യങ്ങൾ. മനസാക്ഷി കോടതിയിൽ പോലും മറുപടി പറയാൻ പറ്റാത്ത വസ്‌തുതകൾ . യഥാർത്ഥത്തിൽ പി ടി തോമസ് പത്ര സമ്മേളനം വിളിച്ച് പിടി തോമസിൻ്റെ തന്നെ രാജി ആവശ്യപ്പെടേണ്ട സന്ദർഭം എപ്പോഴേ കഴിഞ്ഞിരിക്കുന്നു!. നീതി ബോധം തന്നെ..... - രാജീവ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News