മണൽ നീക്കിയത്‌ കുട്ടനാടിന്‌ രക്ഷയായി : പി രാജീവ്‌



തിരുവനന്തപുരം തോട്ടപ്പള്ളി സ്പിൽവേ ഭാഗത്ത്‌ മണൽ നീക്കിയത്‌ വെള്ളത്തിന്റെ ഒഴുക്ക്‌ വേഗത്തിലാക്കിയെന്ന്‌ മന്ത്രി പി രാജീവ്‌ നിയമസഭയിൽ പറഞ്ഞു. ഇത് കുട്ടനാടിനെയും അപ്പർ കുട്ടനാടിനെയും പ്രളയത്തിൽനിന്ന്‌ രക്ഷിച്ചു. ആലപ്പുഴ തോട്ടപ്പള്ളിഭാഗത്ത്‌ മണലെടുക്കുന്നത്‌ നിർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വടകര അംഗം കെ കെ രമ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന്‌ മറുപടി പറയുകയായിരുന്നു മന്ത്രി. കൂടുതൽ മണ്ണെടുത്ത്‌ വീതി കൂട്ടണമെന്നാണ്‌ പ്രതിപക്ഷത്തെ പി ജെ ജോസഫടക്കമുള്ള അംഗങ്ങൾ ആവശ്യപ്പെടുന്നത്‌. കേന്ദ്ര–-കേരള നിയമം അനുശാസിക്കുന്ന വിധമാണ്‌ മണൽ നീക്കിയത്‌. മലയോരത്തുനിന്നുള്ള വെള്ളം കടലിലേക്ക്‌ പോകാതെയാണ്‌  കുട്ടനാടിനെ മുക്കുന്നത്‌.  ഈസാഹചര്യം ഒഴിവായത്‌ മണൽ നീക്കിയപ്പോഴാണ്‌. ജനരക്ഷയ്‌ക്കുള്ള പ്രവർത്തനത്തിനെതിരെ ആക്ഷേപം ഉന്നയിക്കരുതെന്നും  മന്ത്രി പറഞ്ഞു. അനധികൃത ക്വാറികൾക്ക്‌ സംരക്ഷണം ലഭിക്കില്ല അനധികൃത ക്വാറി ഉടമകൾക്ക്‌ സർക്കാരിന്റെ സംരക്ഷണം ലഭിക്കില്ലെന്ന്‌ മന്ത്രി പി രാജീവ്‌ നിയമസഭയിൽ വ്യക്തമാക്കി. മുൻകാലങ്ങളിൽ ഉടമകളുടെ താൽപ്പര്യത്തിനായി ക്വാറികളുടെ ദൂരപരിധി കൂട്ടുകയും ചിലർക്ക്‌ ഇളവു നൽകുകയും ചെയ്‌തിട്ടുണ്ടാകും. കഴിഞ്ഞ സർക്കാരും ഈ സർക്കാരും ആ നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്‌. അനധികൃത ക്വാറികൾക്കെതിരെ കർശന നടപടിക്ക്‌ നിർദേശിച്ചിട്ടുണ്ട്‌. മണ്ഡലത്തിൽ അനധികൃത ക്വാറികളുണ്ടെങ്കിൽ എംഎൽഎമാർക്ക്‌  സർക്കാരിനെ അറിയിക്കാം. ശക്തമായ നടപടിയുണ്ടാകും. വ്യവസായ വകുപ്പിന്റെ മൂന്ന്‌ ബില്ലിന്റെ ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി. വ്യവസായ നിക്ഷേപം ഉയർത്താനുള്ള സർക്കാർ നടപടികൾക്ക്‌ മികച്ച പ്രതികരണമാണ്‌. യുഡിഎഫ്‌ സർക്കാർ നടത്തിയ എമർജിങ്‌ കേരള നിക്ഷേപ സംഗമത്തിൽ 148 പദ്ധതി നിർദേശമുണ്ടായി. ആറെണ്ണമാണ്‌ പൂർത്തിയാക്കിയത്‌. 96 എണ്ണം പൂർണമായും ഒഴിവാക്കപ്പെട്ടു. എൽഡിഎഫ്‌ സർക്കാരിന്റെ അസെൻഡ്‌ 2020ൽ 151 നിർദേശമുണ്ടായി. 22 എണ്ണം പൂർത്തീകരിച്ചു. 59 എണ്ണം നടപ്പാക്കൽ ഘട്ടത്തിലാണ്‌. 31 എണ്ണം മാത്രമാണ്‌ കോവിഡ്‌ സാഹചര്യത്തിൽ ഒഴിവാക്കിയത്‌. നോക്കുകൂലിയിൽ കൊടി നോക്കാതെയുള്ള നടപടിയാണ്‌ തൊഴിൽ വകുപ്പ്‌ സ്വീകരിക്കുന്നത്‌. കയർ മേഖലയുടെ രണ്ടാം പുനഃസംഘടനാ പദ്ധതിയിൽ തൊഴിലവസരം നഷ്ടപ്പെടാതെയുള്ള യന്ത്രവൽക്കരണത്തിനാണ്‌ പ്രാമുഖ്യം നൽകിയത്‌. പദ്ധതിയുടെ കാലോചിതമായ മാറ്റം പരിഗണിക്കേണ്ടിവരും. കയർഫെഡ്‌ ചകിരി സംഭരിക്കാൻ പാടില്ലെന്ന ന്യായമുയർത്തുന്നത്‌ തമിഴ്നാട്‌ ലോബിയെ സഹായിക്കാനാണ്‌. സംരംഭങ്ങൾക്കായി ഭൂമി അനുവദിക്കൽ നയം ഉടൻ കൊണ്ടുവരും. ലഭ്യമായ ഭൂമിയിൽനിന്ന്‌ സംരംഭകന്‌ ഒഴിയാനുള്ള അവകാശവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News