രാജ്യം മാധ്യമസ്വാതന്ത്ര്യ സൂചികയിൽ താഴുന്നത്‌ കേരളത്തിലും ചർച്ചയാകുന്നില്ല: മന്ത്രി രാജീവ്‌



കൊച്ചി ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ രാജ്യം 142ൽനിന്ന്‌ 150ലേക്ക്‌ താഴ്‌ന്നതും 2015 മുതൽ തുടർച്ചയായി താഴുന്നതും മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന കേരളത്തിലെ മാധ്യമങ്ങൾപോലും പ്രധാന ചർച്ചയാക്കുന്നില്ലെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ രാജ്യം താഴ്‌ന്നു. ഗ്ലോബൽ മീഡിയ ഫെസ്‌റ്റിവലിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത്‌ ഏറ്റവും കൂടുതൽ മാധ്യമസ്വാതന്ത്ര്യമുള്ള സംസ്ഥാനമാണ്‌ കേരളമെന്ന്‌ എല്ലാവരും സമ്മതിക്കുന്നതാണ്‌. ഇവിടെപ്പോലും രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം നേരിടുന്ന ഈ തകർച്ച ന്യൂസ്‌ അവറുകളിൽ എന്തുകൊണ്ട്‌ ചർച്ചയാകുന്നില്ലെന്ന്‌ ചിന്തിക്കണം. രാജ്യത്തെ ജനാധിപത്യം കനത്ത വെല്ലുവിളി നേരിടുന്നതിന്റെകൂടി ഭാഗമാണ്‌ മാധ്യമസ്വാതന്ത്ര്യം നേരിടുന്ന ഭീഷണിയും. മതനിരപേക്ഷത മതാത്മകതയിലേക്കും ജനാധിപത്യം സ്വേച്ഛാധിപത്യത്തിലേക്കും നീങ്ങുന്നതിന്റെ സൂചനകളാണ് ഇതെല്ലാം–- രാജീവ്‌ പറഞ്ഞു. ദേശാഭിമാനി പിന്തുണയ്‌ക്കും: കെ ജെ തോമസ്‌ ജനാധിപത്യമില്ലെങ്കിൽ മാധ്യമസ്വാതന്ത്ര്യമില്ലാത്തതുപോലെ, മാധ്യമസ്വാതന്ത്ര്യമില്ലെങ്കിൽ ജനാധിപത്യവുമില്ലെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ ആശംസാപ്രസംഗത്തിൽ പറഞ്ഞു. രാജ്യത്ത്‌ ഇതു രണ്ടും കനത്ത വെല്ലുവിളി നേരിടുന്നതുകൊണ്ടാണ്‌ ഇപ്പോൾ ഇത്‌ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്‌. | പാശ്‌ചാത്യകേന്ദ്രീകൃതം മാത്രമായ മാധ്യമപുരസ്‌കാരങ്ങൾക്ക്‌ ബദലായി, വികസ്വര രാജ്യങ്ങൾക്ക്‌ പ്രാധാന്യമുള്ള അന്താരാഷ്‌ട്ര അംഗീകാരങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങൾക്ക്‌ ദേശാഭിമാനി എല്ലാ പിന്തുണയും നൽകുമെന്നും കെ ജെ തോമസ്‌ പറഞ്ഞു.   Read on deshabhimani.com

Related News