വ്യവസായ പാർക്കുകൾ : ഭൂമി അനുവദിക്കൽ നയം ഈ മാസം: പി രാജീവ്‌



ആലപ്പുഴ സംസ്ഥാന സർക്കാരിന്റെ വ്യവസായ പാർക്കുകളിൽ ഭൂമി അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ ഈ മാസം നയം പ്രഖ്യാപിക്കുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിൻഫ്ര, കെഎസ്‌ഐഡിസി, ജില്ലാ വ്യവസായകേന്ദ്രം തുടങ്ങിയവയുടെ പാർക്കുകളിൽ ഭൂമി അനുവദിക്കുന്നതിനാണ്‌ നയം പ്രഖ്യാപിക്കുക. ഇതിന്റെ കരട്‌ തയ്യാറായി. സ്വകാര്യ പാർക്കുകൾ സ്ഥാപിക്കുന്നതിനെ സർക്കാർ അകമഴിഞ്ഞ്‌ പ്രോത്സാഹിപ്പിക്കും. ഒരു ജില്ലയിൽ കുറഞ്ഞത്‌ ഒരു പാർക്കെങ്കിലും ആരംഭിക്കും. ഇതിനായി ഏകജാലക സംവിധാനം ഒരുക്കും. അടിസ്ഥാനസൗകര്യ വികസനത്തിന്‌ പിന്തുണയും നൽകും. വിദഗ്‌ധ തൊഴിലാളികൾ, വ്യവസായ അന്തരീക്ഷം, മികച്ച കാലാവസ്ഥ എന്നിവ കേരളത്തിന്‌ അനുകൂലമായ ഘടകങ്ങളാണ്‌. ഇതിനനുസരിച്ച്‌ ഉൽപ്പാദനക്ഷമത വർധിക്കേണ്ടതുണ്ട്‌. തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ മാത്രമേ ഇത്‌ സാധിക്കൂ. വ്യവസായ വികസനത്തിന്‌ യൂണിയനുകൾക്ക്‌ മികച്ച സംഭാവന നൽകാനാകും. നോക്കൂകൂലി, മിന്നൽപ്പണിമുടക്ക്‌ തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുമെന്ന്‌ യൂണിയനുകൾ വാഗ്‌ദാനം നൽകിയിട്ടുണ്ട്‌. കൂടാതെ റിക്രൂട്ടിങ് ഏജൻസികളായി പ്രവർത്തിക്കില്ലെന്നും ഉറപ്പുനൽകിയിട്ടുണ്ട്‌. ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം എന്നതാണ്‌ എൽഡിഎഫ് സർക്കാരിന്റെ നയം. ഇതിനോട്‌ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. ആയിരത്തിലേറെ സംരംഭകരുമായി നേരിൽ സംവദിച്ചു. കേരളത്തിലെ വ്യവസായ അന്തരീക്ഷം മികച്ചതാണെന്നാണ്‌ ഇവരുടെ ഓരോരുത്തരുടെയും അഭിപ്രായം.  പഴയകാലത്ത്‌ ആലപ്പുഴയെ കിഴക്കിന്റെ വെനീസ്‌ എന്നാണ്‌ വിളിച്ചിരുന്നത്‌. കയറാണ്‌ ഇവിടുത്തെ പ്രധാന വ്യവസായം. തൊഴിൽ സംരക്ഷിച്ച്‌ കയർമേഖലയിൽ ആധുനികവൽക്കരണം വിജയകരമായി നടപ്പാക്കുന്നുണ്ട്‌. വ്യവസായങ്ങൾക്ക്‌ വളക്കൂറുള്ള മണ്ണാണ്‌ ആലപ്പുഴ. സംസ്ഥാനത്ത്‌ 1,46,000 ഇടത്തരം ചെറുകിട വ്യവസായങ്ങളിൽ (എംഎസ്‌ഇ) 9684 എണ്ണം ആലപ്പുഴയിലാണ്‌. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുതുതായി ആരംഭിച്ച 282 യൂണിറ്റുകളിൽ 8.76 കോടി നിക്ഷേപിച്ചു. ആലപ്പുഴ ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ഓട്ടോകാസ്‌റ്റ്‌, കെഎസ്‌ഡിപി, കെൽട്രോൺ എന്നിവയുടെ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട്‌ മാസ്‌റ്റർപ്ലാൻ തയ്യാറാക്കി.  ഇതുൾപ്പെടെ എല്ലാ പൊതുമേഖലാ  സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തി സംരക്ഷിക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യം. പൊതുമേഖലയുടെയും എംഎസ്‌ഇകളുടെയും പുരോഗതിക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും പി രാജീവ്‌ പറഞ്ഞു. Read on deshabhimani.com

Related News