ആരോഗ്യമേഖലയില്‍ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും: പി രാജീവ്



തിരുവനന്തപുരം > ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിച്ചും അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചും കേരളത്തിന്റെ ആരോഗ്യപരിരക്ഷാ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വ്യവസായമന്ത്രി പി രാജീവ്.  സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) കോവളം ലീല ഹോട്ടലിൽ സംഘടിപ്പിക്കുന്ന ‘ബയോ കണക്‌ട് കേരള 2023' വ്യവസായ കോൺക്ലേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വ്യവസായമേഖലയിൽ അത്യാധുനിക സാങ്കേതികത വികസിപ്പിക്കാൻ പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കും. മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിലും രോഗനിർണയ മികവിലും കേരളത്തെ മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ പ്രകൃതിവിഭവങ്ങളുടെ സമ്പന്നത ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് അനുയോജ്യമാണ്.  ഈ മേഖലയെ പരിപോഷിപ്പിക്കാൻ ആവശ്യമായ പിന്തുണ സർക്കാർ നൽകും. ആരോഗ്യപരിരക്ഷാരംഗത്തെ വ്യവസായ സാധ്യത പ്രയോജനപ്പെടുത്താൻ ഉതകുന്ന വ്യവസായ നയത്തിനാണ് സർക്കാർ രൂപംനൽകിയത്. വിവിധ ഗവേഷണ സ്ഥാപനങ്ങളുടെയും ശാസ്‌ത്ര സാങ്കേതിക അക്കാദമികളുടെയും ബയോടെക്‌നോളജി, നാനോ-ടെക്‌നോളജി, ലൈഫ് സയൻസസ് മേഖലകളിലെ കമ്പനികളുടെയും കേന്ദ്രമാണ് കെഎസ്ഐഡിസി ആരംഭിച്ച ബയോ 360 ലൈഫ് സയൻസ് പാർക്കെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സ്‌നേഹിൽ കുമാർ സിങ്,  ചെയർമാൻ പോൾ ആന്റണി, ഡിഎസ്ടി മുൻ സെക്രട്ടറി പ്രൊഫ. ടി രാമസ്വാമി, എയിംസ് ബയോടെക്‌നോളജിസ്റ്റ് പ്രൊഫ. ടി പി സിങ്, കേരള ലൈഫ് സയൻസ് ഇൻഡസ്‌ട്രീസ് പാർക്ക് ഡയറക്‌ടർ ഡോ. സി എൻ രാംചന്ദ് എന്നിവർ സംസാരിച്ചു. 300 പ്രതിനിധികൾ പങ്കെടുക്കുന്ന കോൺക്ലേവിൽ നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്ന 45 സ്റ്റാളുണ്ട്. കോൺക്ലേവ്‌ വെള്ളിയാഴ്‌ച സമാപിക്കും. Read on deshabhimani.com

Related News