പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ്; ആയിരം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ സമ്മാനിച്ചു



ആലപ്പുഴ> പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ജനകീയ പഠനപിന്തുണാപദ്ധതിയുടെ ഭാഗമായി ആയിരം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കലവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പ്രതിഭാസംഗമവും പഠനോപകരണവിതരണവും മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എയിഡ്‌സ് ബാധിതരായ രക്ഷിതാക്കളുടെ കുട്ടികള്‍, ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍, മണ്ണഞ്ചേരി പ്രീ മെട്രിക് ഹോസ്റ്റലിലെ കുട്ടികള്‍, മണ്ണഞ്ചേരി പഞ്ചായത്തിലെ എട്ട് സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍, ട്രസ്റ്റിന്റെ വാര്‍ഡ് കമ്മിറ്റികള്‍ തെരഞ്ഞെടുത്ത കുട്ടികള്‍ എന്നിവര്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. രക്ഷിതാക്കള്‍ ഇല്ലാത്തതും മാതാവ് മാത്രം രക്ഷകര്‍ത്താവായുള്ളതുമായ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കൂടാതെ മണ്ണഞ്ചേരിയിലെ പത്ത് വാര്‍ഡുകളില്‍ നിന്നായി നൂറോളം കുട്ടികളുടെ പഠനച്ചെലവ് പൂര്‍ണ്ണമായും ട്രസ്റ്റ് ഏറ്റെടുത്തു. ഇത് എട്ടാമത് തവണയാണ് പി കൃഷ്ണ പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ബാഗ്, നോട്ട്ബുക്ക്, പേന അടക്കമുള്ള പഠനോപകരണങ്ങളാണ് കുട്ടികള്‍ക്ക് നല്‍കിയത്. ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഇതോടൊപ്പം യൂണിഫോമും നല്‍കി. പി.പി.ചിത്തരഞ്ജന്‍ എം എല്‍ എ, സി പി ഐ എം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.റിയാസ്, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.സന്തോഷ്, സി പി ഐ(എം) മണ്ണഞ്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ.ഉല്ലാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.ഹരിദാസ്, ധനലക്ഷ്മി, ട്രസ്റ്റ് ഭാരവാഹികളായ എസ്.ഷിഹാബുദീന്‍, വി.സജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി.രതീഷ് അദ്ധ്യക്ഷനായിരുന്നു. ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ പി.വിനീതന്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് പുതുവീട് നന്ദിയും പറഞ്ഞു.മണ്ണഞ്ചേരി പഞ്ചായത്തില്‍ താമസിക്കുന്ന രക്ഷിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് പഠന സഹായം നല്‍കുന്നതിന് ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ടെന്ന് രക്ഷാധികാരി ആര്‍.റിയാസ് പറഞ്ഞു.   Read on deshabhimani.com

Related News