പി കൃഷ്‌ണപിള്ള ദിനം സമുചിതമായി ആചരിക്കുക: സിപിഐ എം



തിരുവനന്തപുരം > സഖാവ്‌ പി കൃഷ്‌ണപിള്ളദിനം 19ന് സമുചിതമായി ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് ഓഫീസുകൾ അലങ്കരിച്ചും പാർടി പതാക ഉയർത്തിയും ദിനം വിജയിപ്പിക്കണം. കൃഷ്‌ണപിള്ള വിട്ടുപിരിഞ്ഞിട്ട്  74 വർഷം തികയുന്നു. 1937ൽ കോഴിക്കോട്ട് രൂപീകരിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് പാർടി യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിലും നേതൃപരമായ പങ്കുവഹിച്ചു. ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺ മിൽ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി- നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിൽ കൃഷ്‌ണപിള്ളയുടെ നേതൃപരമായ പങ്ക് വലുതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഒളിവ് ജീവിതത്തിനിടെ പാമ്പുകടിയേറ്റായിരുന്നു സഖാവിന്റെ മരണം.   രാജ്യം ശക്തമായ വർഗീയ ധ്രുവീകരണത്തിലൂടെയും ജനാധിപത്യ ധ്വംസനങ്ങളിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിലാണ് നാം കൃഷ്ണപിള്ളയുടെ സ്‌മരണ പുതുക്കുന്നത്. ഹിന്ദുത്വ അജണ്ട തീവ്രമാക്കാനും നവലിബറൽ സാമ്പത്തിക നയങ്ങൾ സാധാരണ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനും തൊഴിലാളിവർഗം പൊരുതിനേടിയ അവകാശങ്ങളും നിയമങ്ങളും ഇല്ലാതാക്കാനുമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നിരന്തരം ശ്രമിക്കുന്നത്. വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളെയും അടിച്ചമർത്താനും ജനാധിപത്യ അവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെല്ലാം എതിരെ കടുത്ത പ്രതിഷേധം രാജ്യത്ത് ശക്തിപ്പെടുകയാണ്. രാഷ്ട്രീയ പോരാട്ടങ്ങൾക്ക് എന്നും ഊർജസ്രോതസ്സായ  കൃഷ്‌ണപിള്ളയുടെ സ്‌മരണ ഇത്തരം വെല്ലുവിളികളെ നേരിടാൻ കരുത്തുപകരും. ബദൽ കാഴ്‌ചപ്പാടുകളുമായി മാതൃകാപരമായ ഭരണം കാഴ്‌‌‌ചവയ്‌ക്കുന്ന എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താനും കടന്നാക്രമിക്കാനുമാണ് യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമിക്കുന്നത്. അതിനെയെല്ലാം അതിജീവിക്കാനുള്ള അതിശക്തമായ രാഷ്‌ട്രീയ പോരാട്ടത്തിന് ബഹുജനങ്ങൾ തയ്യാറെടുക്കണമെന്നും പി കൃഷ്‌ണ‌‌പ്പിള്ളയുടെ ഓർമ്മകൾ ഇതിന് കരുത്തുപകരുമെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News