‘കുഞ്ഞാലിക്കുട്ടി ലീഗിനെ കൊലയ്ക്കുകൊടുത്തു’ ; മുസ്ലിംലീഗ്‌ ഭാരവാഹി യോഗത്തിൽ രൂക്ഷ വിമർശം



കോഴിക്കോട്‌ പി കെ കുഞ്ഞാലിക്കുട്ടി പാർടിയെ കൊലയ്ക്കുകൊടുത്തതായി മുസ്ലിംലീഗ്‌ സംസ്ഥാന ഭാരവാഹിയോഗത്തിൽ രൂക്ഷവിമർശം. നേതൃത്വത്തിന്റെ വിശ്വാസ്യത തകർന്നതാണ്‌ തെരഞ്ഞെടുപ്പ്‌ തോൽവിക്ക്‌ കാരണമെന്നും നേതാക്കൾ പറഞ്ഞു. തോൽവി ചർച്ചചെയ്യാൻ കോഴിക്കോട്‌ ലീഗ്‌ ഹൗസിൽ ചേർന്ന യോഗത്തിലാണ്‌ കടുത്ത വിമർശമുയർന്നത്‌. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച്‌ നിയമസഭയിലേക്ക്‌ മത്സരിച്ചത്‌ തിരിച്ചടിയായെന്ന്‌ സെക്രട്ടറിമാരായ കെ എം ഷാജി, പി എം സാദിഖലി എന്നിവർ പറഞ്ഞു. തനിക്കെതിരെ അഴിമതിക്കേസില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ‘ഇവിടുത്തെ കുത്ത്‌ സഹിക്കാതെ ഡൽഹിക്ക്‌ പോയ തന്നെ മുത്തലാഖ്‌ ബില്ലിന്റെ പേരിലും കുത്തി’–- ചെയ്‌ത സേവനങ്ങൾ നിരത്തി അദ്ദേഹം വികാരഭരിതനായി. യൂത്ത്‌ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്‌ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചു.  പാർടി സ്വകാര്യസംരംഭമല്ല; നേതൃത്വത്തിന്‌ പാളിച്ച ചന്ദ്രികയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിച്ചെന്നും കുഞ്ഞാലിക്കുട്ടി ലീഗിനെ കൊലയ്ക്കു കൊടുത്തെന്നും സെക്രട്ടറി കെ എസ്‌ ഹംസയാണ്‌ പറഞ്ഞത്‌. കുഞ്ഞാലിക്കുട്ടി മത്സരിക്കരുതെന്ന്‌ നേരിട്ടും ഹൈദരലി തങ്ങളോടും സാദിഖലി തങ്ങളോടും പറഞ്ഞതായി കെ എം ഷാജി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ ചായ അടിക്കുന്നവൻ അറിയുന്ന കാര്യങ്ങൾ സെക്രട്ടറിയറ്റ് അംഗങ്ങൾ അറിയുന്നില്ലെന്നും ഷാജി ആക്ഷേപിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള സംരംഭമല്ല ലീഗെന്നായിരുന്നു പി എം സാദിഖലിയുടെ വിമർശം. സമുദായ പ്രശ്‌നങ്ങളിൽ നിലപാടില്ലന്ന്‌ വൈസ്‌ പ്രസിഡന്റ്‌ എം സി മായിൻഹാജി കുറ്റപ്പെടുത്തി. പരസ്യവിമർശം മോശമായെന്നായിരുന്നു ഇ ടി മുഹമ്മദ്‌ ബഷീർ എംപിയുടെ അഭിപ്രായം. പാണക്കാട് കുടുംബത്തിൽ സമുദായം അർപ്പിച്ച വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട എം കെ മുനീറും നേതൃമാറ്റത്തെ പിന്തുണച്ചു. പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ ആശുപത്രിയിലായതിനാൽ സാദിഖലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം. തോൽവി പഠിക്കാൻ എട്ടംഗ സമിതിയെയും ചുമതലപ്പെടുത്തി. നേതൃമാറ്റച്ചർച്ച ഇല്ലെന്ന്‌ മുസ്ലിംലീഗ്‌ സംസ്ഥാന ഭാരവാഹി യോഗത്തിൽ നേതൃമാറ്റം ചർച്ചയായില്ലെന്ന്‌ ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ്‌ തങ്ങൾ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. നേതൃത്വത്തിനെതിരെ വിമർശമുണ്ടായി. നേതൃമാറ്റ ആവശ്യമുണ്ടായില്ല. യോഗത്തെപ്പറ്റി വരുന്ന വാർത്തകൾ ശരിയല്ലെന്നും സാദിഖലി പറഞ്ഞു. Read on deshabhimani.com

Related News