മലമുകളിലുണ്ട്‌ ‘ഹിഡിയോട്ടിസ്‌ റിക്കർവേറ്റ’



തിരുവനന്തപുരം > ഊട്ടിയിലെ തണുപ്പ്‌ നിറഞ്ഞ മലയോരത്ത്‌ പുതിയ സസ്യത്തെ കണ്ടെത്തി. അവലാഞ്ചി ക്വാളിഫ്ലവർ ഷോലയിലേക്കുള്ള വഴിയിലാണ്‌ ‘ഹിഡിയോട്ടിസ്‌ റിക്കർവേറ്റ’ എന്ന പുതിയ സസ്യ ഇനം കണ്ടെത്തിയത്‌. കലിക്കറ്റ്‌ സർവകലാശാലയിലെ ബോട്ടണി വിഭാഗം ഗവേഷക പി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ റൂബിയേസിയെ കുടുംബത്തിൽപ്പെട്ട ഹിഡിയോട്ടിസ്‌ വിഭാഗത്തിലെ ചെടി കണ്ടെത്തിയത്‌. ഹിഡിയോട്ടിസ്‌ വിഭാഗത്തിലെ ചെടികളെക്കുറിച്ച് കലിക്കറ്റ്‌ സർവകലാശാലയിലെ ഡോ. പി സുനോജ്‌ കുമാറിന്റെ കീഴിൽ നടക്കുന്ന ഗവേഷണത്തിനിടെയാണ്‌ ജിജിയും സംഘവും പുതിയ ചെടി കണ്ടെത്തിയത്‌. ഹിഡിയോട്ടിസ്‌ വിഭാഗത്തിൽപ്പെട്ടതിനാലും സ്റ്റിപ്യൂളുകൾ പിന്നോട്ട്‌ മറിഞ്ഞുനിൽക്കുന്നതിനാലും ഹിഡിയോട്ടിസ്‌ റിക്കർവേറ്റയെന്ന പേര്‌ നൽകുകയായിരുന്നുവെന്ന്‌ ജിജി പറഞ്ഞു. അന്താരാഷ്‌ട്ര ജേർണലായ ഫൈറ്റോടാക്‌സയിൽ പുതിയ സസ്യ ഇനത്തെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചതോടെ കണ്ടെത്തലിന്‌ ഔദ്യോഗിക അംഗീകാരമായി. 179 ഇനം ചെടികളാണ്‌ ഹിഡിയോട്ടിസ്‌ വിഭാഗത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്‌. പുഷ്‌പങ്ങളുടെ രൂപമാണ്‌ ഹിഡിയോട്ടിസ്‌ റിക്കർവേറ്റയെ മറ്റിനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമാക്കുന്നത്‌. പർപ്പിളും വെള്ളയും ചേർന്ന ഭംഗിയുള്ള പൂവുകളാണ്‌ ഇവയ്‌ക്ക്‌. സമുദ്രനിരപ്പിൽനിന്ന്‌ 2197 മീറ്റർ ഉയരത്തിൽ കുറ്റിച്ചെടിയായി വളരുന്ന ഹിഡിയോട്ടിസ്‌ റിക്കർവേറ്റ സെപ്‌തംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത്‌ പുഷ്‌പിക്കുമെന്ന്‌ ജിജി പറയുന്നു. കോഴിക്കോട്‌ ദേവഗിരി കോളേജിലെ ബോട്ടണി വിഭാഗം അസി. പ്രൊഫസർ മനുദേവും ഗവേഷക വിദ്യാർഥി കെ കെ ജിയോമോളും സംഘത്തിലുണ്ടായിരുന്നു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവും സിപിഐ എം മഞ്ചേരി ഏരിയ കമ്മിറ്റിയംഗവുമാണ്‌ ജിജി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിലെ എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. മേലാറ്റൂർ ആർഎംഎച്ച്‌എസിൽഅധ്യാപികയാണ്‌. Read on deshabhimani.com

Related News