ഉള്ളുലയുന്ന വേദനയിലും അവരെത്തി; കൊലവാളിനും ബോംബിനും നഷ്‌ടമായ പ്രിയപ്പെട്ടവരുടെ ഓർമയിൽ



വടകര > അക്രമമുറവിളി കൂട്ടുന്നവർക്കെതിരെ കണ്ണീരും സങ്കടക്കടലിരമ്പുന്ന ജീവിതാനുഭവവുമായി അവരെത്തി. കൊലവാളിനും ബോംബിനും നഷ‌്ടമായ പ്രിയപ്പെട്ടവരുടെ ബന്ധുക്കൾ. ബലികുടീരങ്ങളിലുറങ്ങുന്നവരുടെ മരിക്കാത്ത വേദനാജനകമായ ഓർമകളുമായി അപവാദങ്ങൾക്കും നുണപ്രചാരങ്ങൾക്കുമെതിരെ പൊരുതാൻ ജീവിതം പറഞ്ഞ‌് രക്തസാക്ഷി കുടുംബാംഗങ്ങളെത്തി. ജീവൻ നഷ‌്ടമായ പ്രിയപ്പെട്ടവരുടെ ഓർമകളിൽ നനഞ്ഞ‌് അവർ പ്രതിജ്ഞ പുതുക്കി. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പ്രിയ സഖാവിനെ വിജയിപ്പിക്കാൻ തങ്ങളുമുണ്ടെന്ന‌്. രക്തസാക്ഷികളുടെ സ‌്മരണയിൽ പ്രിയപ്പെട്ട കുടുംബാംഗങ്ങൾ ജയരാജനെ വിജയിപ്പിക്കാൻ ഒത്തുചേർന്നത‌് വൈകാരികാനുഭവങ്ങളുടെ സംഗമവേദിയായി മകൻ നഷ‌്ടമായതിന്റെ കണ്ണീരുണങ്ങാതെ അച്ഛനമ്മമാർ, സഹോദരനില്ലാതായ സങ്കടപ്പൊള്ളലിൽ പെങ്ങൾ, പ്രിയപ്പെട്ടവന്റെ തുണ നഷ‌്ടമായ സങ്കടത്തിൽ കണ്ണീർജീവിതത്തിലായ പ്രിയസഖികൾ... വടകര കോട്ടപ്പറമ്പിൽ വ്യാഴാഴ‌്ച ഒത്തുചേർന്നവരിൽ അവരെല്ലാമുണ്ടായിരുന്നു. ആർഎസ‌്എസിന്റെ, മുസ്ലിംലീഗിന്റെ, കോൺഗ്രസിന്റെ കൊലവാളിനിരയായി പ്രിയപ്പെട്ടവർ നഷ‌്ടമായവരുടെ ബന്ധുക്കൾ, ഉറ്റവർ, പ്രിയസഖാക്കൾ... കാലം പിന്നിട്ടിട്ടും കണ്ണീർമഴയായി ഉള്ളുലയുന്ന വേദനയായി കാണുന്ന സഖാക്കളുടെ ക്രൂരമായ കൊലയിൽ ഉള്ളുലഞ്ഞ‌ുകഴിയുന്ന പ്രിയസഖാക്കളും പ്രവർത്തകരുമടക്കം ഒത്തുചേർന്ന വേദി പ്രഖ്യാപിച്ചു. നുണപ്രചാരവും വേട്ടയാടലും നിർത്തൂ. സത്യം വിളിച്ചോതാൻ ഇതാ ഞങ്ങളുമുണ്ട‌്. ആർഎസ‌്എസും കോൺഗ്രസും കൊലയാളിയായി മുദ്രചാർത്തുന്ന പി ജയരാജന‌് ഐക്യദാർഢ്യവുമായാണ‌് രക്തസാക്ഷി കുടുംബാംഗങ്ങൾ ഒത്തുചേർന്നത‌്. കോൺഗ്രസുകാർ കൊന്ന മൊയാരത്ത‌് ശങ്കരന്റെ മകൻ ജനാർദനൻ മുതൽ തലശേരി ജവഹർഘട്ടിൽ ബ്രിട്ടീഷ‌് ഭരണകാലത്ത‌് വെടിവെച്ചുകൊന്ന അബുവിന്റെയും ചാത്തുക്കുട്ടിയുടെയും ബന്ധുക്കൾ വരെ അക്കുട്ടത്തിലുണ്ടായി. ലീഗുകാർ കൊലചെയ‌്ത വെള്ളൂരിലെ 19 കാരൻ സി കെ ഷിബിന്റെ ബന്ധുക്കൾ, ഒഞ്ചിയത്തെ വെടിവെപ്പിൽ മരിച്ച ധീരരുടെ കുടുംബാംഗങ്ങൾ, കൂത്തുപറമ്പിലെ രക്തതാരകങ്ങളായ യുവധീരരുടെ ഉറ്റവർ, വിദ്യാർഥി നേതാവ‌് കെ വി സുധീഷിന്റെ ബന്ധുക്കൾ തുടങ്ങി നാടിന്റെ പ്രിയങ്കരരായവരുടെ ബന്ധുക്കൾ എല്ലാമുണ്ടായി ചരിത്രപോരാട്ടങ്ങളുടെ ഓർമകൾ അലയടിക്കുന്ന കോട്ടപ്പറമ്പിൽ ഒരുക്കിയ പന്തലിന്റെ ഇരുവശങ്ങളിലുമായി രക്തസാക്ഷി കുടുംബങ്ങൾ സംഗമിച്ചു. ആദ്യത്തെ കമ്യൂണിസ‌്റ്റ‌് രക്തസാക്ഷികളായ അബു, ചാത്തുക്കുട്ടി എന്നിവരുടെ കുടുംബാംഗങ്ങൾ, ജന്മിനാടുവാഴിത്വത്തിനെതിരെ പട നയിച്ച‌് കോൺഗ്രസ‌് ഭരണ കാലത്ത‌് വെടിയേറ്റ‌് മരിച്ച ഒഞ്ചിയം രക്തസാക്ഷി കുടുംബാംഗങ്ങൾ, ചെറുകല്ലായി, സേലം രക്തസാക്ഷികൾ, കൂത്തുപറമ്പ‌് രക്തസാക്ഷികൾ തുടങ്ങി സമര പോരാട്ടങ്ങ‌ളിൽ ജീവാർപ്പണം ചെയ‌്തവരുടെ കുടുംബാംഗങ്ങൾ സംഗമത്തിന‌് അഭിവാദ്യം അർപ്പിക്കാനെത്തിയത‌് ആവേശമായി. ആർഎസ‌്എസ‌്, -ബിജെപി, കോൺഗ്രസ‌്, മുസ്ലിംലീഗ‌്, എസ‌്ഡിപിഐ തുടങ്ങിയവർ കൊന്നുതള്ളിയ നൂറ‌ുകണക്കിന‌് രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ പ്രായവും അവശതയും മറന്ന‌് സംഗമത്തിന‌് എത്തി. രക്തസാക്ഷികളുടെ സ‌്മരണകൾ ടി പി ബിനീഷ‌് സദസ്സിന‌് പരിചയപ്പെടുത്തി. ചുവന്ന ഷാൾ അണിയിച്ച‌് റോസാപ്പൂ നൽകി കുടുംബാംഗങ്ങളെ പ്രവർത്തകർ സ്വീകരിച്ചു. വടകര ലോക‌്സഭാ പരിധിയിൽനിന്നായി തൊണ്ണൂറ്റി മൂന്ന‌് രക്തസാക്ഷി കുടുംബാംഗങ്ങളാണ‌് സംഗമത്തിന‌് എത്തിയത‌്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ സംഗമം ഉദ‌്ഘാടനംചെയ‌്തു. എ ടി ശ്രീധരൻ അധ്യക്ഷനായി. മന്ത്രി ടി പി രാമകൃഷ‌്ണൻ, സി കെ നാണു എംഎൽഎ, എ എൻ ഷംസീർ എംഎൽഎ, മനയത്ത‌് ചന്ദ്രൻ, അഡ്വ. പി സതീദേവി, ടി കെ രാജൻ, സി സത്യചന്ദ്രൻ, കെ ലോഹ്യ, പി വി ബാലകൃഷ‌്ണൻ, കെ ടി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. സി ഭാസ‌്കരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എൽജെഡി നേതാവ‌് എ ടി ശ്രീധരൻ അധ്യക്ഷനായി. സ്ഥാനാർഥി പി ജയരാജൻ വോട്ടഭ്യർഥന നടത്തി. സി ഭാസ‌്കരൻ സ്വാഗതം പറഞ്ഞു. സംഗമത്തിന‌് മുന്നോടിയായി പുരോഗമന കലാ സാഹിത്യസംഘം നേതൃത്വത്തിൽ ഗാന സദസ്സുമുണ്ടായി. പി കെ കൃഷ‌്ണദാസ‌് കവിത ചൊല്ലി. ബിനീഷ‌് കോടിയേരി സംവിധാനംചെയ‌്ത പോളിമിക‌്സ‌് ഡ്രാമ ഫ്യൂഷൻ അവതരിപ്പിച്ചു. അനിൽ ചേലേമ്പ്ര എഡിറ്റ‌് ചെയ‌്ത ഇന്ത്യ എന്റെ രാജ്യമാണ‌് പുസ‌്തകം മേപ്പയ്യൂരിലെ രക്തസാക്ഷി ഇബ്രാഹിമിന്റെ ഭാര്യ സൂബൈദക്ക‌് നൽകി കോടിയേരി ബാലകൃഷ‌്ണൻ പ്രകാശനംചെയ‌്തു. Read on deshabhimani.com

Related News