വിദ്യാഭ്യാസരംഗത്ത് മാറ്റം അനിവാര്യം: പി ബാലചന്ദ്രന്‍



തൃശൂര്‍> കാലത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്തു മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പി. ബാലചന്ദ്രന്‍ എംഎല്‍എ. കേരളവര്‍മ്മ കോളേജ് മലയാളവിഭാഗം, ഡോ. കല്‍പറ്റ ബാലകൃഷ്ണന്‍ സ്മൃതി പുരസ്‌കാര സമിതി, കേരള സാഹിത്യ അക്കാദമി എന്നിവര്‍ ചേര്‍ന്നു നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വിവിധ രംഗങ്ങളില്‍ വിപുലമായ സംഭാവന നല്‍കാന്‍ ശേഷിയുള്ള കലാലയമാണ് കേരളവര്‍മ്മ.  വിദ്യാര്‍ഥിയും അധ്യാപകനും തമ്മിലുള്ള അകലം ഇല്ലാതാക്കിയ അധ്യാപക ശ്രേഷ്ഠനായിരുന്നു ഡോ. കല്‍പറ്റ ബാലകൃഷ്ണന്‍ എന്നും എംഎല്‍എ പറഞ്ഞു.   പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.എ. നാരായണമേനോന്‍ അധ്യക്ഷത വഹിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മലയാളം ബിരുദാനന്തര ബിരുദ തലത്തില്‍ പ്രതിഭ തെളിയിച്ച അമൃത് അനില്‍ കുമാറിന് കല്‍പറ്റ ബാലകൃഷ്ണന്‍ സ്മൃതി പുരസ്‌കാരം സമര്‍പ്പിച്ചു.  മലയാളവിഭാഗം  അധ്യക്ഷന്‍ ഡോ. രാജേഷ് എം.ആര്‍, പുരസ്‌കാരസമിതി ചെയര്‍മാന്‍ ഡോ. കെ. സരസ്വതി, കോര്‍ഡിനേറ്റര്‍ ഡോ. സുപ്രിയ വി.സി., ചെയര്‍പേഴ്‌സണ്‍ അപര്‍ണ സന്തോഷ് കുമാര്‍, മായ എം. എന്നിവര്‍ പ്രസംഗിച്ചു.   Read on deshabhimani.com

Related News