ഭ്രാന്തിലേക്ക്‌ ചൂട്ടുകത്തിച്ച്‌ ‘ഒറ്റ മൈന’



കോഴിക്കോട്‌> ‘സുഹൃത്തുക്കളേ ആർക്കാണ്‌ ശരിക്കും ഭ്രാന്ത്‌. എനിക്കോ, നിങ്ങൾക്കോ’ അന്ധവിശ്വാസങ്ങൾ തിരിച്ചുകൊണ്ടുവരാനുള്ള ബോധപൂർവശ്രമം നടക്കുന്ന കാലത്ത്‌ നാറാണത്ത്‌ ഭ്രാന്തന്റെ ചോദ്യം കാണികളുടെ അകം പൊള്ളിക്കുന്നു.  സഫ്‌ദർ ഹശ്‌മി നാടകസംഘത്തിന്റെ ‘ഒറ്റ മൈന’ നാടകം അന്ധവിശ്വാസത്തെ അധികാരത്തിന്റെ ചവിട്ടുപടിയാക്കാൻ ശ്രമിക്കുന്നവർക്കുനേരെ  ശരമെയ്യുകയാണ്‌. പുരോഗമന കലാസാഹിത്യസംഘം സൗത്ത്‌ മേഖലാകമ്മിറ്റിയുടെ നാടകത്തിൽ കുട്ടികൾ മുതൽ കുടുംബശ്രീ പ്രവർത്തകർവരെയാണ്‌ അരങ്ങിൽ.     വിശ്വാസ വിപണനമേള പൊടിപൊടിക്കുന്നിടത്തേക്ക്‌ പെൺകുട്ടി കരഞ്ഞുകൊണ്ട്‌ ഓടിവരുന്നിടത്താണ്‌ നാടകം തുടങ്ങുന്നത്‌. ഒറ്റമൈനയെ കണ്ടതിനാൽ ദുഃഖം വരുമെന്ന പഴമൊഴിയാണ്‌ കുട്ടിയെ പേടിപ്പിച്ചത്‌. കുറ്റിച്ചൂളാൻ കരഞ്ഞാൽ മരണമെന്നും പിൻവിളി വിളിച്ചാൽ കാര്യസാധ്യം മുടങ്ങുമെന്നതും ഉൾപ്പെടെ നിരവധി കഥകൾ തെരുവിൽ നിറയുന്നു. ആൾ ദൈവങ്ങളും ബലിയും നിറഞ്ഞ വർത്തമാനകാലത്തെയാണ്‌ നാടകം വിചാരണ ചെയ്യുന്നത്‌.     സാംസ്‌കാരിക പ്രവർത്തകൻ ഗുലാബ്‌ ജാന്റെ വീട്ടിൽ ക്യാമ്പ്‌ നടത്തിയാണ്‌ അഭിനേതാക്കളെ തെരഞ്ഞെടുത്തത്‌. ടി സുരേഷ്‌ ബാബുവാണ്‌ സംവിധാനം. അഡ്വ. എം ആർ ഹരീഷാണ്‌ രചന. തിങ്കളാഴ്‌ച ഡിവൈഎഫ്‌ഐ സൗത്ത്‌ ബ്ലോക്ക്‌ കമ്മിറ്റി പയ്യാനക്കലിൽ സംഘടിപ്പിച്ച ഗാന്ധിസ്‌മൃതി സദസ്സിൽ നാടകം അരങ്ങിലെത്തി. പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന സാംസ്‌കാരിക സംഗമത്തിന്‌ മുന്നോടിയായി ഞായർ വൈകിട്ട്‌ അഞ്ചിന്‌ കുറ്റിച്ചിറ ഓപ്പൺ സ്‌റ്റേജിൽ നാടകം അരങ്ങേറും. Read on deshabhimani.com

Related News