അവയവദാനം സമഗ്ര പ്രോട്ടോകൾ രൂപീകരിക്കും: മന്ത്രി വീണാ ജോർജ്



തിരുവനന്തപുരം> അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവയവദാന പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോൾ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴിൽ കൊണ്ടു വരും. അവയവദാനം റിപ്പോർട്ട് ചെയ്യുന്നത് മുതൽ അവയവ വിന്യാസം, ശസ്‌ത്രക്രിയ, തുടർ ചികിത്സ എന്നിവയിൽ വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടു വരും. ഓരോരുത്തരുടേയും ഉത്തരവാദിത്തം നിശ്ചയിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് രൂപീകരിക്കുന്ന കമ്മിറ്റി ഇത് ഉറപ്പാക്കണം. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷവും തുടർ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. അവയവദാനം ശക്തിപ്പെടുത്തുന്നതിന് വിളിച്ചുകൂട്ടിയ മെഡിക്കൽ കോളേജുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഓരോ മെഡിക്കൽ കോളേജും കൃത്യമായ അവലോകന യോഗം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി നിർദേശം നൽകി. ഒരു ടീം തന്നെ അവയവദാന പ്രക്രിയ പൂർത്തിയാക്കുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ മറ്റൊരു ടീമിനെക്കൂടി സജ്ജമാക്കി നിയോഗിക്കണം. പരീശീലനം നേടിയ ആത്മാർത്ഥമായ സംഘത്തെ ഓരോ മെഡിക്കൽ കോളേജും സജ്ജമാക്കണം. ടീംവർക്ക് ഉണ്ടാകണം. കെ സോട്ടോ എന്തൊക്കെ ചെയ്യണമെന്ന് സംബന്ധിച്ചുള്ള ആക്ഷൻപ്ലാൻ ഉണ്ടാക്കണം. ആശുപത്രികളിൽ ഒരു ട്രാൻസ്പ്ലാന്റ് ടീമിനെ സജ്ജമാക്കണം. പത്ത് മുതൽ പതിനഞ്ച് വർഷത്തെ പരിചയമുള്ള ഫാക്വൽറ്റികളെ കൂടി അവയവദാന പ്രക്രിയയിൽ പ്രാപ്തമാക്കി കൂടുതൽ ശസ്ത്രക്രിയകൾ നടത്തണമെന്നും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, കെ. സോട്ടോ എക്‌സി. ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർ, വിവിധ വകുപ്പ് മേധാവികൾ, യൂറോളജി ഫാക്വൽറ്റികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News