സോണിയയോട് പരിഭവക്കെട്ടഴിച്ച് ഉമ്മൻചാണ്ടി ; കോൺഗ്രസ്‌ പരസ്യ ഏറ്റുമുട്ടലിലേക്ക്‌



തിരുവനന്തപുരം സംസ്ഥാന കോൺഗ്രസ്‌ നേതൃത്വത്തിനെതിരായ അതൃപ്‌തി പാർടി അധ്യക്ഷ സോണിയ ഗാന്ധിയെ നേരിട്ട്‌ അറിയിച്ച്‌ പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. കെപിസിസി നേതൃത്വം ഏകപക്ഷീയ നിലപാട്‌ തുടരുകയാണെന്നും പുനഃസംഘടന നിർത്താൻ നിർദേശിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ഈ നീക്കത്തെ നേരിടാൻ കെ സുധാകരൻ, വി ഡി സതീശൻ അനുകൂലികൾ രംഗത്തിറങ്ങി.  പാർടിയെ തകർക്കാൻ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും ശ്രമിക്കുകയാണെന്നും തലമുറമാറ്റത്തെ ഇരുവരും എതിർക്കുന്നത്‌ മക്കൾക്കുവേണ്ടിയാണെന്നും ഇവർ ആരോപിച്ചു. പുനഃസംഘടനയ്‌ക്ക്‌ എതിരായ നീക്കത്തിൽനിന്ന്‌ ഇരുവരെയും പിന്തിരിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കമാൻഡിലേക്ക്‌ പരാതി പ്രവഹിക്കുകയാണ്‌. അനുനയ ശ്രമവുമായി കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ വ്യാഴാഴ്‌ച കേരളത്തിലെത്തും. അച്ചടക്ക നടപടി പരാതിയില്ലാതെ നടത്തണമെന്ന്‌ താരിഖ്‌ അൻവർ നിർദേശിക്കും. മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിന്റെ സസ്‌പെൻഷൻ പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഇത്‌. പുനഃസംഘടന നിർത്തണമെന്ന ഉമ്മൻചാണ്ടിയുടെ ആവശ്യം സുധാകരൻ തള്ളി. കെപിസിസി സെക്രട്ടറിമാരുടെ പട്ടിക ഈ ആഴ്‌ച അവസാനമോ അടുത്ത ആഴ്‌ചയോ പ്രസിദ്ധീകരിക്കും.    ഇത്‌ തങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ എ, ഐ ഗ്രൂപ്പ്‌ നേതൃത്വം വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ പരാതിയിൽ സോണിയ ഗാന്ധിയുടെ ഇടപെടൽ വരട്ടെയെന്നാണ്‌ രമേശ്‌ ചെന്നിത്തലയുടെ നിലപാട്‌. ആവശ്യം സോണിയ നിരസിച്ചാൽ അടുത്ത നടപടി എന്തുവേണമെന്നും ആലോചന തുടങ്ങി. നേതൃത്വത്തോട്‌ പരസ്യ നിസ്സഹകരണ നിലപാട്‌ എടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്‌. സമൂഹമാധ്യമങ്ങളിൽ ഉമ്മൻചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും എതിരെ രൂക്ഷമായ പരിഹാസമാണ്‌ നേതൃചേരിക്ക്‌ ഒപ്പമുള്ളവർ നടത്തുന്നത്‌. ഇതിനെതിരെയും ഗ്രൂപ്പുകളിൽ അമർഷം പുകയുകയാണ്‌.    Read on deshabhimani.com

Related News