ആര്‌ നയിക്കും; പിടിയില്ലാതെ ഹൈക്കമാൻഡ്‌; നേതാവ്‌ താൻ തന്നെയെന്ന്‌ ചെന്നിത്തല



ന്യൂഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആര്‌ നയിക്കണമെന്ന കാര്യത്തിൽ പിടിയില്ലാതെ ഹൈക്കമാൻഡ്‌. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ നേതാവിനെ ചൊല്ലി വീണ്ടും ഗ്രൂപ്പ്‌ പോര്‌ മൂർച്ഛിച്ചതിൽ ഹൈക്കമാൻഡ്‌ അസ്വസ്ഥരാണ്‌. ഉമ്മൻ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക്‌ ഉയർത്തിക്കാട്ടാനുള്ള നീക്കം എ ഗ്രൂപ്പും മുസ്ലിംലീഗും സജീവമാക്കി‌. രമേശ്‌ ചെന്നിത്തല  മുന്നണിയെ നയിക്കണമെന്ന നിലപാടാണ്‌ ഐ ഗ്രൂപ്പിന്‌. സമവായ സ്ഥാനാർഥികളായി രംഗത്തുവരാനാണ്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ശ്രമിക്കുന്നത്‌. സംഘടനാവിഷയംചർച്ച ചെയ്യാന്‍ ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മൻചാണ്ടി എന്നിവർ ഡൽഹിയിലെത്തി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ചര്‍ച്ച. മത്സരിക്കേണ്ട മുതിർന്ന നേതാക്കൾ, സ്ഥാനാർഥി നിർണയം തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യും. എംപിമാരിൽ ചിലർ മത്സരിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും ഹൈക്കമാൻഡ്‌ പ്രോത്സാഹിപ്പിക്കാനിടയില്ല. തദ്ദേശതെരഞ്ഞെടുപ്പിലെ തോൽവി നിസ്സാരവൽക്കരിക്കാനാണ്‌ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെങ്കിലും ഹൈക്കമാൻഡ്‌ ഗൗരവത്തിലാണ്‌ കാണുന്നത്‌. തദ്ദേശതെരഞ്ഞെടുപ്പിൽ നേതൃത്വം പൂർണമായും പാളിയെന്ന തരത്തിലാണ്‌ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ഹൈക്കമാൻഡിന്‌ റിപ്പോർട്ട്‌ നൽകിയത്‌. സംസ്ഥാന നേതൃത്വത്തിനെതിരായി കേരളത്തിൽനിന്നുള്ള എംപിമാരും ഹൈക്കമാൻഡിനോട്‌ പരാതിപ്പെടാനുള്ള ഒരുക്കത്തിലാണ്‌. തദ്ദേശതെരഞ്ഞെടുപ്പ്‌ തോൽവിയുടെ പശ്ചാത്തലത്തിൽ ഡിസിസികളുടെ തലപ്പത്ത്‌ അഴിച്ചുപണി വരും. ഒമ്പത്‌ ഡിസിസിയിൽ നേതൃത്വം മാറും. നേതാവ്‌ താൻ തന്നെയെന്ന്‌ ചെന്നിത്തല തന്റെ നേതൃത്വത്തിൽ തന്നെയാകും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ഉമ്മൻ ചാണ്ടിക്ക്‌ സ്ഥാനങ്ങളൊന്നും നൽകില്ലെന്ന്‌ മാധ്യമങ്ങളോട്‌ ആദ്യം പരോക്ഷമായി പറഞ്ഞ ചെന്നിത്തല പരാമർശം വിവാദമായതോടെ തിരുത്തി. ഉമ്മൻ ചാണ്ടിയുമായി നേതൃത്വം പങ്കിടുമോയെന്ന്‌ മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ്‌ ചെന്നിത്തല താൻ തന്നെ നയിക്കുമെന്ന്‌ വ്യക്തമാക്കിയത്‌. നേതൃസ്ഥാനം പങ്കിടൽ എന്നത്‌‌ മാധ്യമങ്ങളുടെ പ്രചാരണംമാത്രമാണ്‌. അന്തരീക്ഷത്തിൽ അനാവശ്യമായ പല പ്രചാരണങ്ങളും നടക്കുന്നു. അത്തരം ചർച്ചകളില്ല. യുഡിഎഫ്‌ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും–- ചെന്നിത്തല പറഞ്ഞു. ഈ പരാമർശം വിവാദമായതോടെയാണ്‌ തിരുത്തിയത്‌. ഉമ്മൻ ചാണ്ടിക്കും മുല്ലപ്പള്ളിക്കും ഏത്‌ സ്ഥാനം നൽകിയാലും തനിക്ക്‌ സന്തോഷമാണ്‌.–- ചെന്നിത്തല പറഞ്ഞു. ഹൈക്കമാൻഡുമായുള്ള നിർണായക ചർച്ച തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കെയാണ്‌ മുതിർന്ന നേതാക്കൾ പരസ്യ പോർവിളി നടത്തിയത്‌. Read on deshabhimani.com

Related News