നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന്റെ സുഹൃത്ത് 'വിഐപി' അറസ്റ്റിൽ



കൊച്ചി നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട്‌ ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടൽ–-ട്രാവൽസ് ഉടമയുമായ ശരത് ജി നായരെ ക്രൈംബ്രാഞ്ച്  അറസ്‌റ്റ്‌ ചെയ്‌തു. പിന്നീട് ജാമ്യത്തിൽ വിട്ടു. കേസിലെ വിഐപിയായി സംശയിക്കപ്പെടുന്ന ഇയാളെ ഇലക്‌ട്രോണിക്‌ തെളിവുകളടക്കം നശിപ്പിച്ച കുറ്റത്തിനാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തുടരന്വേഷണത്തിലെ ആദ്യ അറസ്‌റ്റാണിത്‌. ചൊവ്വ ഉച്ചയോടെ ആലുവ പൊലീസ്‌ ക്ലബ്ബിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്‌തശേഷം വൈകിട്ടാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ 2018 നവംബർ 15ന് എത്തിച്ചുവെന്നാണ് അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ. ഇത്‌ വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചതായാണ്‌ സൂചന. ദൃശങ്ങൾ വീട്ടിലെത്തിച്ചശേഷം നശിപ്പിച്ചത്‌ ഇയാളുടെ നേതൃത്വത്തിലാണെന്നാണ്‌  കണ്ടെത്തൽ. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ ആറാംപ്രതിയാണ്‌ ശരത്‌. സംവിധായകൻ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയാണ്‌ ശരത്തിനെ ചോദ്യംചെയ്‌തത്‌. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ തെറ്റാണെന്നും ദൃശ്യങ്ങൾ കാണുകയോ കൈവശം വയ്‌ക്കുകയോ ചെയ്തിട്ടില്ലെന്നും ശരത്‌ ചോദ്യംചെയ്യലിൽ പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്നാണ്‌ ശരത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞത്.   അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ചോദ്യചെയ്യലിന്‌ എത്താൻ ക്രൈംബ്രാഞ്ച്‌ ശരത്തിന്‌ നോട്ടീസ്‌ നൽകിയിരുന്നു. ഇതിനുപിന്നാലെ ഇയാൾ ഊട്ടിയിലേക്ക് മുങ്ങി. തുടർന്ന്‌ മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ശരത്തിന്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തി മൊബൈലും പാസ്‌പോർട്ട്‌ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ദിലീപുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ശരത്‌, ദിലീപിന്റെ ബിസിനസ് പങ്കാളിയാണെന്നും ക്രൈംബ്രാഞ്ച്‌ സംശയിക്കുന്നു.  ദിലീപിന്‌ വീട്ടിൽവച്ച് നടിയെ ആക്രമിച്ച ദൃശ്യം കൈമാറിയ ആറാമൻ വിഐപിയാണെന്നും ഇയാളെ കണ്ടാൽമാത്രമേ തിരിച്ചറിയാനാകൂവെന്നും ബാലചന്ദ്രകുമാ‌ർ അറിയിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇത് ശരത്താണെന്ന് വ്യക്തമായത്. Read on deshabhimani.com

Related News