ട്വിസ്‌റ്റുകൾക്ക്‌ ഒടുവിൽ ബമ്പർ ആന്റി ക്ലൈമാക്‌സ്‌

ജയപാലൻ മാതാവ് ലക്ഷമി, മകൻ വൈശാഖ് എന്നിവർക്കൊപ്പം സന്തോഷം പങ്കിടുന്നു. ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു


തൃപ്പൂണിത്തുറ > ഓണം ബമ്പർ 12 കോടി രൂപയുടെ യഥാർഥ അവകാശിയായി മരട്‌ സ്വദേശിയായ ഓട്ടോഡ്രൈവർ പി ആർ ജയപാലൻ രംഗത്ത്‌ വരുംവരെ ഭാഗ്യക്കഥയിൽ അടിമുടി ട്വിസ്‌റ്റ്‌. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറ ശാഖയിൽനിന്ന്‌ വിറ്റ ടിക്കറ്റിനാണ്‌ ഒന്നാംസമ്മാനമെന്ന്‌ ഞായറാഴ്‌ചതന്നെ ഉറപ്പിച്ചിരുന്നു. ഭാഗ്യശാലിക്കായുള്ള അന്വേഷണത്തിനിടെ ഗൾഫിലുള്ള വയനാട്‌ സ്വദേശിയായ ഹോട്ടൽ തൊഴിലാളി അവകാശവാദവുമായി എത്തി. പാലക്കാട്ട്‌ കച്ചവടം നടത്തുന്ന കോഴിക്കോട്‌ സ്വദേശിയായ സുഹൃത്തുവഴി എടുത്ത ടിക്കറ്റാണ്‌ ഭാഗ്യം കൊണ്ടുവന്നതെന്ന കഥയ്‌ക്ക്‌ മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. തിങ്കൾ പകൽ മുഴുവൻ വാർത്താമാധ്യമങ്ങളിൽ വയനാട്ടുകാരൻ സെയ്തലവിയുടെ കഥകളായിരുന്നു. സുഹൃത്ത്‌ ടിക്കറ്റെടുത്ത്‌ നൽകിയെന്നും അദ്ദേഹത്തിന്‌ സെയ്‌തലവി ഗൂഗിൾ പേയിലൂടെ പണം നൽകിയെന്നും കഥയിൽ വിവരണം. എന്നാൽ, ടിക്കറ്റ്‌ വിറ്റ ഏജൻസിയിലേക്ക്‌ അവരാരും വിളിച്ചില്ല. ടിക്കറ്റ്‌ വിറ്റത്‌ തങ്ങൾതന്നെ എന്നതിന്‌ തെളിവ്‌ തൃപ്പൂണിത്തുറ ഏജൻസി പുറത്തുവിട്ടു. കോഴിക്കോട്ടുകാരൻ സുഹൃത്ത്‌ സെയ്‌തലവിക്ക്‌ ലോട്ടറി ടിക്കറ്റിന്റെ ചിത്രം വാട്‌സാപ്‌ വഴി അയച്ചുകൊടുത്തെന്ന വിവരം ആശയക്കുഴപ്പം കൂട്ടി. ഇതിനിടയിലാണ്‌ യഥാർഥ അവകാശി മരട്‌ സ്വദേശിയായ ഓട്ടോഡ്രൈവർ ജയപാലൻ ടിക്കറ്റ്‌ കനറാ ബാങ്കിൽ ഏൽപ്പിച്ചത്‌. അപ്പോഴും ബമ്പറിന്റെ രണ്ടുദിവസം നീണ്ട ദുരൂഹത തുടരുന്നു. ഗൾഫിലുള്ള വയനാട്‌ സ്വദേശി അവകാശിയായി വന്നിട്ടും മരടിലുള്ള ഭാഗ്യവാൻ എന്തുകൊണ്ട്‌ കാണാമറയത്ത്‌ തുടർന്നു? മരട്‌ സ്വദേശിയുടെ കൈവശമുള്ള ബമ്പർ ടിക്കറ്റിന്റെ ചിത്രം എങ്ങനെ ഗൾഫിലെ ഹോട്ടൽ തൊഴിലാളിയുടെ വാട്‌സാപ്പിൽ എത്തി?. Read on deshabhimani.com

Related News