ഒമിക്രോൺ: ഉറവിടം എവിടെയുമാകാം; വ്യാപനം തടയാൻ ജാഗ്രത തുടരണം



കൊച്ചി > കോവിഡ് വൈറസിന്റെ പുതിയ വകഭേദം ‘ഒമിക്രോൺ’ തിരിച്ചറിഞ്ഞത്‌ ദക്ഷിണാഫ്രിക്കയിലാണെങ്കിലും ഉറവിടം ലോകത്ത്‌ എവിടെയുമാകാമെന്ന്‌ ഐഎംഎ ദേശീയ കോവിഡ്‌ ഗവേഷണ വിഭാഗം വൈസ്‌ ചെയർമാൻ ഡോ. രാജീവ്‌ ജയദേവൻ പറഞ്ഞു. ലോകം മുഴുവൻ ജാഗ്രത തുടരണം.  ഡെൽറ്റയേക്കാൾ വേഗം വ്യാപിക്കുമെന്നാണ്‌ പ്രാഥമിക നിഗമനം.  ലക്ഷണങ്ങളിൽ കാര്യമായ വ്യത്യാസമില്ല. അമിത ആശങ്കയ്‌ക്ക്‌ അടിസ്ഥാനമില്ല. മുൻകരുതലുകൾ ശക്തമായി തുടരണം. വാക്‌സിനും മാസ്കും  സാമൂഹ്യ അകലവും വായുസഞ്ചാരം മെച്ചപ്പെടുത്തലും അകത്തളങ്ങളിലെ ഒത്തുകൂടൽ ഒഴിവാക്കലും തന്നെയാണ്‌ പ്രധാന പ്രതിരോധമാർഗം –- അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള വകഭേദങ്ങളിൽ ഡെൽറ്റയ്‌ക്കായിരുന്നു വ്യാപനശേഷി കൂടുതൽ.  ദക്ഷിണാഫ്രിക്കയിൽ വോട്ടെങ് പ്രവിശ്യയിൽ ചിലയിടങ്ങളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയതിനെത്തുടർന്നുള്ള പഠനത്തിലാണ്‌ ഒമിക്രോൺ (ബി.1.1.529) വകഭേദം തിരിച്ചറിഞ്ഞത്‌.  അവിടുത്തെ പുതിയ കോവിഡ് ബാധിതരിൽ ഡെൽറ്റ അധികമില്ലെന്ന്‌ പഠനത്തിനു നേതൃത്വം നൽകിയ പ്രൊഫ. ട്യൂലിയോ ഡി ഒലിവേറ പറഞ്ഞു. 70 ശതമാനവും  ഒമിക്രോണാണ് കണ്ടെത്തിയത്–- ഡോ. രാജീവ്‌ ജയദേവൻ പറഞ്ഞു. പ്രധാന കവചം വാക്‌സിൻതന്നെ വൈറസിനു ജനിതകവ്യതിയാനം വന്നാലും ഇപ്പോഴും പ്രധാന കവചം വാക്‌സിൻതന്നെ. വാക്സിൻ എടുത്തവരിൽ നിശ്‌ചിത കാലയളവ്‌ കഴിഞ്ഞാൽ ആന്റിബോഡി അളവ് കുറഞ്ഞാലും ഭയപ്പെടേണ്ടതില്ല. അളവ് ക്രമേണ കുറഞ്ഞാലും ആവശ്യം വരുമ്പോൾ ആന്റിബോഡി ഉൽപ്പാദിപ്പിക്കാനുള്ള  ഓർമകോശങ്ങൾ (മെമ്മറി സെല്ലുകൾ) ദീർഘകാലം നിലനിൽക്കും.  ഹൃദയം, ശ്വാസകോശം, നാഡീവ്യൂഹം, രക്തക്കുഴലുകൾ എന്നിവയുടെ സംരക്ഷണത്തിനുള്ള ടി–കോശങ്ങളും ദീർഘകാലം നിലനിൽക്കും. അതുകൊണ്ടുതന്നെ രണ്ട്‌ ഡോസ് വാക്സിൻ എടുത്തവരിൽ ഗുരുതര രോഗം തടയാനാകുന്നുണ്ട്‌.  വൈറസിൽ ജനിതകമാറ്റം വന്നാലും ടി–-കോശങ്ങൾ നൽകുന്ന സംരക്ഷണത്തിൽ കുറവ് പ്രതീക്ഷിക്കുന്നില്ല–- ഡോ. രാജീവ്‌ ജയദേവൻ പറഞ്ഞു. Read on deshabhimani.com

Related News