ശബരിമല തെരഞ്ഞെടുപ്പ്‌ 
വിഷയമല്ല ; പിണറായി ജനങ്ങളുടെ 
പ്രശ്‌നങ്ങളറിയുന്ന ആൾ: ഒ രാജഗോപാൽ



തിരുവനന്തപുരം ശബരിമല തെരഞ്ഞെടുപ്പ്‌ വിഷയമല്ലെന്ന്‌ മുതിർന്ന ബിജെപി നേതാവ്‌  ഒ രാജഗോപാൽ എംഎൽഎ. യുഡിഎഫിന്റെ ശബരിമല കരട്‌ ബില്ല്‌ സർക്കാരിനെതിരായ വടി മാത്രമാണ്‌. അത്‌ ആത്മാർഥമായ സമീപനമല്ല. ശബരിമലയെക്കുറിച്ച്‌ ഒരു സമീപനവും യുഡിഎഫിനില്ല. അവരുടെ കാലത്താണ്‌ ഈ പ്രശ്‌നം പൊന്തിവന്നതെന്നും ‘കൈരളി ന്യൂസി’ന്‌ നൽകിയ അഭിമുഖത്തിൽ രാജഗോപാൽ പറഞ്ഞു. ശബരിമല പ്രശ്‌നത്തിൽ യുഡിഎഫിന്‌ ആത്മാർഥതയില്ലെന്ന്‌ എൻഎസ്‌എസും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അവർക്കുപോലും കോൺഗ്രസ്‌ നിലപാടിനെ പിന്തുണയ്‌ക്കാൻ കഴിയാത്തത്‌ ശ്രദ്ധേയമാണ്‌.  വിശ്വാസവും മതവും രാഷ്‌ട്രീയത്തിൽ വരാൻ പാടില്ല. വിശ്വാസകാര്യത്തിൽ ജനങ്ങൾക്ക്‌ പൂർണ സ്വാതന്ത്ര്യം ഉണ്ടാകണം. പിണറായി സർക്കാർ മുൻ യുഡിഎഫ്‌ സർക്കാരിനെക്കാൾ തീർച്ചയായും മെച്ചമാണ്‌. കോൺഗ്രസ്‌ ഭരിക്കുമ്പോൾ ഭാഗ്യാന്വേഷികളായിരുന്നു കൂടുതൽ. ഈ സർക്കാരിൽ പ്രതിബദ്ധതയുള്ളവരാണ്‌ കൂടുതലും. പ്രതിപക്ഷത്തിന്‌ കൂട്ടായ നിലപാടില്ല. രമേശ്‌ ചെന്നിത്തല ഏത്‌ വിവാദവും പെരുപ്പിക്കാൻ മിടുക്കനാണ്‌.  പ്രതിപക്ഷം എന്ന നിലയിൽ പ്രവർത്തനമില്ല. പിണറായി ജനങ്ങളുടെ 
പ്രശ്‌നങ്ങളറിയുന്ന ആൾ ‘പിണറായി വിജയൻ സാധാരണക്കാരിൽനിന്ന്‌ വളർന്നുവന്നിട്ടുള്ള ആളാണ്‌. അവരുടെയും നാടിന്റെയും ആവശ്യങ്ങളും അറിയുന്ന ആളാണ്‌. മുമ്പ്‌ ഭരണത്തിലുണ്ടായിരുന്നപ്പോഴും നല്ല പെർഫോമൻസ്‌ കാഴ്‌ചവച്ചിട്ടുണ്ട്‌’ രാജഗോപാൽ പറഞ്ഞു. കൈരളി ന്യൂസിന്റെ തെരഞ്ഞെടുപ്പ്‌ പരിപാടിയായ ‘പത്ത്‌: 10’ൽ ന്യൂസ്‌ ഡയറക്ടർ എൻപി ചന്ദ്രശേഖരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. Read on deshabhimani.com

Related News