ഉമ്മൻചാണ്ടി സർക്കാരിൽ ഉണ്ടായിരുന്നത്‌ 612 പേഴ്‌‌‌സണൽ സ്‌റ്റാഫ്‌; 612 നേക്കാൾ വലുതോ 489, കണക്കുകൾ ഇങ്ങനെ



തിരുവനന്തപുരം> പേഴ്‌‌‌സണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ ഇടതുപക്ഷ സർക്കാരിനെ വിമർശിക്കുന്നതിലൂടെ സ്വയം നാണംകെട്ട് പ്രതിപക്ഷം. കഴിഞ്ഞ യുഡിഎഫ്‌ സർക്കാറിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുംകൂടി  612 പേഴ്‌‌സണൽ സ്‌റ്റാഫ്‌ അംഗങ്ങളുണ്ടെന്ന്‌ ഉമ്മൻചാണ്ടി 2015 ജൂൺ എട്ടിന്‌ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി വ്യക്തമാക്കുന്നു. എൽഡിഎഫ്‌ സർക്കാരിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുംകൂടി ആകെയുള്ളത്‌ 489 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്‌. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 478 പേരായിരുന്നു ഉണ്ടായിരുന്നത്. ഈ യാഥാർത്ഥ്യം നിലനിൽക്കെയാണ് എൽഡിഎഫ് സർക്കാറിന്റെ പേഴ്‌സണൽ സ്റ്റാഫ് അം​ഗങ്ങളുടെ എണ്ണത്തിൽ മാധ്യമങ്ങളും പ്രതിപക്ഷവും ദുഷ്പ്രചരണം നടത്തുന്നത്. മന്ത്രി സജിചെറിയാൻ രാജിവെക്കും മുമ്പ് മുഖ്യമന്ത്രി ഉൾപ്പടെയുള്ള 21 മന്ത്രിമാർക്ക് 497 പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. സജി ചെറിയാൻ രാജിവെച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന സാംസ്കാരികം, ഫിഷറീസ്, യുവജനക്ഷേമം എന്നീ വകുപ്പുകൾ യഥാക്രമം വി എൻ വാസവൻ, വി അബ്ദുറഹ്മാൻ, പി എ മുഹമ്മദ് റിയാസ് എന്നിവർക്ക് കൈമാറി. ഇതോടെ മന്ത്രിയുടെ പേഴ്‌സ‌‌ണൽ സ്റ്റാഫംഗങ്ങളായിരുന്ന 17 പേരെ ഈ മന്ത്രിമാരുടെ ഓഫീസുകളിലേക്ക് നിയമിക്കുകയും ചെയ്യുകയായിരുന്നു. ഒരു മന്ത്രി രാജിവച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് കൈമാറുമ്പോൾ സ്റ്റാഫംഗങ്ങളെ ആ വകുപ്പിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിനായി നിയമിച്ചുവെന്നതാണ് വസ്‌തുത. സജി ചെറിയാന്റെ സ്റ്റാഫിൽ ഡെപ്യുട്ടേഷനിൽ ഉണ്ടായിരുന്ന നാലു പേരെ മാതൃ വകുപ്പിലേക്ക് മാറുകയും, മൂന്ന് പേർ ഒഴിവാകുകയും ചെയ്‌തിട്ടുണ്ട്. വി അബ്‌ദു‌‌‌റഹിമാന്റെ പ്രൈവറ്റ് സെക്രട്ടറി മടങ്ങിപ്പോയ ഒഴിവിലേക്കാണ് സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നയാളെ നിയമിച്ചത്. സജി ചെറിയാന്റെ സ്റ്റാഫിൽ ഉണ്ടായിരുന്ന ഒരംഗത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലും നിയോഗിച്ചിട്ടുണ്ട്. ഒരാളെക്കൂടി ഉൾപ്പെടുത്തുമ്പോൾ 33 പേരാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ളത്. മുഖ്യമന്ത്രിക്ക് 37 പേരെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കാം. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫംഗങ്ങൾ ആവശ്യത്തിന് മാത്രം മതി എന്ന എൽഡിഎഫ് നയത്തിന്റെ ഭാ​ഗമാണ് തീരുമാനം.   നിലവിലെ പേഴ്‌‌സണൽ സ്റ്റാഫ് അംഗങ്ങൾ: മുഖ്യമന്ത്രി- 33, കെ. രാജൻ - 25, റോഷി അഗസ്റ്റിൻ - 23, കെ. കൃഷ്ണൻകുട്ടി - 23,  എ.കെ. ശശീന്ദ്രൻ - 25, ആൻറണി രാജു - 19, അഹമ്മദ് ദേവർകോവിൽ - 25, പി. രാജീവ് - 24, കെ.എൻ. ബാലഗോപാൽ - 21, എം.വി. ഗോവിന്ദൻ മാസ്റ്റർ - 23, കെ. രാധാകൃഷ്ണൻ - 23, വി.എൻ വാസവൻ - 27, പി.എ. മുഹമ്മദ് റിയാസ് - 28, വി. ശിവൻകുട്ടി - 25, വീണ ജോർജ്ജ് - 22, ആർ. ബിന്ദു - 21, വി. അബ്ദുറഹ്മാൻ - 28 , ജി.ആർ. അനിൽ - 25, പി. പ്രസാദ് - 24, ജെ ചിഞ്ചുറാണി - 25.   Read on deshabhimani.com

Related News