സമരത്തിനിടെ സഭയിൽ 
ലൈംഗികാതിക്രമം ; യുഡിഎഫ്‌ എംഎൽഎക്ക്‌ എതിരെ മൊഴി



തിരുവനന്തപുരം ബുധനാഴ്‌ച നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർ നടത്തിയ കൈയാങ്കളിക്കിടെ വനിതാ സുരക്ഷാ ഉദ്യോഗസ്ഥയെ ലൈംഗികമായി അതിക്രമിച്ചതായി പരാതി.  താൽക്കാലിക ഡ്യൂട്ടിക്കെത്തിയ രണ്ട്‌ വനിതാ പൊലീസുകാർക്കാണ്‌ ദുരനുഭവം. ഒരു യുഡിഎഫ്‌ എംഎൽഎയും പിഎയും ലൈംഗികാതിക്രമം നടത്തിയെന്ന്‌ പരിക്കേറ്റ്‌ ആശുപത്രിയിൽ ചികിൽസയിലുള്ള വനിതാ വാച്ച്‌ ആൻഡ് വാർഡ്‌ പൊലീസിന്‌ മൊഴി നൽകി. സ്പീക്കറുടെ ഓഫീസിലേക്ക്‌ തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ്‌ ലൈംഗികോദ്ദേശ്യത്തോടെയുള്ള  പെരുമാറ്റമുണ്ടായതെന്ന്‌ മൊഴിയിൽ പറയുന്നു. ഇതേതുടർന്ന്‌ പൊലീസ്‌ തുടർ നടപടികളാരംഭിച്ചു. പ്രതിപക്ഷ എംഎൽഎമാരുടെ പിന്നിൽനിന്നുള്ള തള്ളലിൽ സംശയം തോന്നിയാണ്‌ ഉദ്യോഗസ്ഥ തിരിഞ്ഞ്നോക്കിയത്‌.  എന്നാൽ, എംഎൽഎയ്ക്കും പിഎയ്ക്കും പിന്നിൽ മറ്റാരുമുണ്ടായിരുന്നില്ല.  മറ്റൊരു വനിതാ പൊലീസുദ്യോഗസ്ഥക്കും ഇതേ അനുഭവമുണ്ടായി.  എംഎൽഎ മാസ്കിട്ടിരുന്നതായും പേരറിയില്ലെന്നും മൊഴിയിൽ പറയുന്നു. സഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കുറ്റവാളിയാരെന്ന്‌ വ്യക്തമാകും. വനിതാ പൊലീസ്‌ ബറ്റാലിയനിൽനിന്ന്‌ ഫെബ്രുവരി 27നാണ്‌ ഇരുവരും വാച്ച്‌ ആൻഡ്‌ വാർഡ്‌ ഡ്യൂട്ടിക്കെത്തിയത്‌. എംഎൽഎമാർക്കെതിരെ കേസ് നിയമസഭയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച്‌ ആൻഡ്‌ വാർഡ്‌ ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തു.  റോജി എം ജോൺ, അനൂപ് ജേക്കബ്, പി കെ ബഷീർ, ഉമ തോമസ്, അൻവർ സാദത്ത്‌, കെ കെ രമ, ഐ സി ബാലകൃഷ്‌ണൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം മ്യൂസിയം പൊലീസ്‌ കേസെടുത്തത്‌. കണ്ടാലറിയുന്ന അഞ്ച്‌ എംഎൽഎമാരും പ്രതിപ്പട്ടികയിലുണ്ട്‌. യുഡിഎഫ്‌ എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ പരാതിയിൽ ഭരണപക്ഷ എംഎൽഎമാരായ  കെ എം സച്ചിൻദേവ്‌, എച്ച്‌ സലാം എന്നിവർക്കെതിരെയും അഡീഷണൽ ചീഫ്‌ മാർഷൽ മൊയ്‌തീൻ ഹുസൈനെതിരെയും കേസെടുത്തു. കഴിഞ്ഞ ദിവസം പരാതി നൽകാതിരുന്ന കെ കെ രമ എംഎൽഎ വ്യാഴാഴ്‌ച പരാതി നൽകി.   Read on deshabhimani.com

Related News