ചാൻസലർമാരായി വിദഗ്‌ധർ : ബിൽ 
സഭയിൽ അവതരിപ്പിക്കും ; ഡിസംബറിൽ സഭാസമ്മേളനത്തിന് ശുപാർശ



തിരുവനന്തപുരം സംസ്ഥാനത്തെ സർവകലാശാലകളിൽ ചാൻസലർമാരായി വിദ്യാഭ്യാസ വിദഗ്‌ധരെ നിയമിക്കാൻ സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി നിർദേശിക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിക്കും. ഇതടക്കമുള്ള കാര്യപരിപാടികൾക്കായി  ഡിസംബർ അഞ്ചുമുതൽ നിയമസഭാ സമ്മേളനം ചേരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്‌ സഭാസമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ഡിസംബർ 15 വരെ ഒമ്പതു ദിവസത്തെ സമ്മേളനത്തിനുള്ള ഒരുക്കങ്ങളാണ്‌ ആലോചനയിലുള്ളത്‌.  നിയമ നിർമാണംമാത്രം അജൻഡയാക്കി ഈവർഷം ചേരുന്ന രണ്ടാമത്തെ സഭാ സമ്മേളനമാണ്‌ ഇത്‌. നേരത്തെ ആഗസ്‌ത്‌ 12 മുതൽ സെപ്‌തംബർ രണ്ടുവരെ നിയമ നിർമാണത്തിനുമാത്രമായി ചേർന്ന സമ്മേളനം പാസാക്കിയവയിൽ, ആറു ബില്ലിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. കേരള വ്യവസായ ഏകജാലക ക്ലിയറൻസ്‌ ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ബിൽ,  കേരള പബ്ലിക്‌ എന്റർപ്രൈസസ്‌ സെലക്‌ഷനും റിക്രൂട്ട്‌മെന്റും ബോർഡ്‌ ബിൽ,  കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ,  കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ,  സർവകലാശാലാ നിയമങ്ങൾ (ഭേദഗതി) ബിൽ,  കേരള ലോകായുക്ത ഭേദഗതി ബിൽ എന്നിവയാണ്‌ ഗവർണർ ഒപ്പിടാനുള്ളത്‌. Read on deshabhimani.com

Related News