ഫെഡറലിസത്തെ വെല്ലുവിളിക്കരുത്‌; നിതി ആയോഗ്‌ യോഗത്തിൽ മുഖ്യമന്ത്രി



ന്യൂഡൽഹി> ഫെഡറലിസത്തെ കേന്ദ്രം വെല്ലുവിളിക്കരുതെന്നും സമവർത്തി പട്ടികയിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പട്ടികയിലെ വിഷയങ്ങളിൽ നിയമനിർമാണം നടത്തുന്നതിൽനിന്ന് കേന്ദ്രം വിട്ടുനിൽക്കണം. നിതി ആയോഗിന്റെ ഏഴാമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ–-റെയിലടക്കം വ്യോമ–--റെയിൽ പദ്ധതികൾക്ക് ഉടൻ അംഗീകാരം നൽകണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയിൽ നിയമപരിഹാരം ഉണ്ടാകണം. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തുക, അവശ്യസാധനങ്ങളെ ജിഎസ്‌ടി പരിധിയിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കുക, ജിഎസ്ടി നഷ്ടപരിഹാരം അടുത്ത അഞ്ചു വർഷത്തേക്ക് നീട്ടുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുക, പിഎംഎവൈ നഗര-–-ഗ്രാമ പദ്ധതി വിഹിതം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി  ഉന്നയിച്ചു. ഭരണഘടനയുടെ 11ഉം 12ഉം പട്ടികകളിൽ പറയുന്ന എല്ലാ കാര്യവും തദ്ദേശഭരണ സ്ഥാപനങ്ങളെ ഏൽപ്പിച്ച കേരളം അധികാര  വികേന്ദ്രീകരണത്തിൽ മുന്നിലാണ്‌. സഞ്ചിതനിധി വിതരണം ചെയ്യുമ്പോൾ ഇക്കാര്യം പരിഗണിക്കണം. ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തീകരിക്കണം. തീരസംരക്ഷണത്തിന്‌ സാങ്കേതിക–- സാമ്പത്തിക സഹായം കേന്ദ്രം നൽകണം. തേങ്ങയിൽനിന്നുള്ള മൂല്യവർധിത  ഉൽപ്പന്നങ്ങൾക്കും ടിഷ്യൂകൾച്ചർ തെങ്ങിൻ തെെകളുടെ  ഉൽപ്പാദനത്തിനും പിന്തുണവേണം. പുതിയ പാം ഓയിൽ സംസ്‌കരണ കേന്ദ്രങ്ങൾ വേണം–-മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിതി ആയോഗിന്റെ പുതിയ വൈസ് ചെയർമാൻ സുമൻ ബെറി ചുമതലയേറ്റശേഷമുള്ള ആദ്യ യോഗമാണ് ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി. Read on deshabhimani.com

Related News