കോവിഡ്‌ കാലത്തും കേരളം ഒന്നാമത് ; നിതി ആയോ​ഗ് ആരോ​ഗ്യസൂചിക ; ഏറ്റവും പിന്നിൽ യുപിയും ബിഹാറും



തിരുവനന്തപുരം/ഡൽഹി കോവിഡിനു മുന്നിൽ രാജ്യം പകച്ചുനിന്ന 2020-–-21 കാലത്തും മികച്ച ആരോഗ്യസേവനങ്ങൾ നൽകിയ കേരളം നിതി ആയോ​ഗിന്റെ വാർഷിക ആരോഗ്യസൂചികയിൽ ഒന്നാമത്. മുൻവർഷങ്ങളിലും കേരളത്തിനാണ്‌ ഒന്നാംസ്ഥാനം. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ്‌ നേട്ടം. തമിഴ്‌നാട്, തെലങ്കാന എന്നിവ രണ്ടും മൂന്നും സ്ഥാനംനേടി. ബിഹാർ (19), ഉത്തർപ്രദേശ്‌ (18), മധ്യപ്രദേശ്‌ (17) എന്നിവയാണ്‌ ഏറ്റവും പിന്നിൽ. ചെറിയ സംസ്ഥാനങ്ങളിൽ ത്രിപുര, സിക്കിം, ​ഗോവ എന്നിവ ആദ്യ സ്ഥാനങ്ങളിൽ എത്തിയപ്പോൾ മണിപ്പുർ പിന്നിലാണ്‌. കേന്ദ്രഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപിനാണ് ഒന്നാംസ്ഥാനം. ഡൽഹിയാണ് പിന്നിൽ. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിക്കേണ്ട കണക്കുകൾ ഇതുവരെയും ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല. ‘യഥാസമയം’ പുറത്തുവിടുമെന്ന്‌ നിതി ആയോഗ്‌ പ്രതികരിച്ചതായി ‘ദ ഇന്ത്യൻ എക്‌സ്‌പ്രസ്‌’ റിപ്പോർട്ട്‌ ചെയ്‌തു. 24 മാനദണ്ഡം ഉൾക്കൊള്ളിച്ച്‌ ആരോ​ഗ്യസൂചിക കണക്കാക്കുന്ന രീതി 2017ലാണ്‌ ആരംഭിച്ചത്. കേന്ദ്ര ആരോഗ്യ– കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോക ബാങ്കിന്റെയും സഹകരണത്തോടെയാണ്‌ ഇത്‌. 2020ലെ സുസ്ഥിര വികസനസൂചിക പുറത്തുവിടുന്ന തീയതി പ്രഖ്യാപിച്ചശേഷം പിന്മാറി. കേരളം ഒന്നാമതെത്തിയ പട്ടിക, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ്‌ മാറ്റിയത്‌. ഇപ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ആരോഗ്യമേഖലയിൽ പിന്നിലായതിനാൽ ആസന്നമായ നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകുമെന്നതിനാലാണ്‌ സൂചിക പ്രകാശനം ഒഴിവാക്കുന്നതെന്ന്‌ ആക്ഷേപം ഉയർന്നിട്ടുണ്ട്‌. Read on deshabhimani.com

Related News