ബിഹാറില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി; നിതീഷ് കുമാര്‍ രാജിവയ്ക്കും



ന്യൂഡല്‍ഹി> ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്‍കി ബീഹാറില്‍  മുഖ്യമന്ത്രി  നിതീഷ് കുമാര്‍ രാജിവയ്ക്കാനൊരുങ്ങുന്നു. ജെഡിയു  യോഗത്തിന് ശേഷം ഉച്ചക്ക് 12.30ന് നിതീഷ് കുമാര്‍ ഗവര്‍ണറെ കാണും. രാജിപ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് മുഴുവന്‍ പാര്‍ട്ടി എം എല്‍ എമാരോടും അടിയന്തരമായി പാറ്റ്‌നയിലെത്താന്‍ മുഖ്യമന്ത്രി  നിര്‍ദേശിച്ചത്.  യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.നിതീഷ് കുമാറിന് പിന്തുണ നല്‍കുമെന്ന് ആര്‍ജെഡിയും അറിയിച്ചിട്ടുണ്ട്.  നിതീഷ്‌കുമാറിനെ രാഷ്ട്രീയമായി ഒതുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ജെഡിയുവിന്റെ അമര്‍ഷത്തിനു കാരണം. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളും ജെഡിയുവിനെ അസ്വസ്ഥരാക്കുന്നു. ഇതാണ് രാഷ്ട്രീയതീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 'റിമോട്ട് കണ്‍ട്രോള്‍' ഭരണം നടത്തുന്നതാണ് നിതീഷ്‌കുമാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഏകീകൃത സിവില്‍കോഡ്,  ജനസംഖ്യ നിയന്ത്രണബില്‍ തുടങ്ങിയ വിഷയങ്ങളില്‍  ഹിന്ദുത്വ അജന്‍ഡയ്ക്ക് അനുസൃതമായുള്ള ബിജെപി മന്ത്രിമാരുടെ പ്രസ്താവനകള്‍ ജെഡിയുവിനെ തളര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും യോഗങ്ങളില്‍നിന്ന് വിട്ടുനിന്നും നിതീഷ്‌കുമാര്‍ പ്രതിഷേധിക്കുന്നു. കേന്ദ്രമന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യമെന്ന ആവശ്യം ബിജെപി തള്ളിയതും ജെഡിയുവിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News