കോളേജുകളുടെ റാങ്കിൽ കേരളം രണ്ടാമത്‌, ഒന്നാമത്‌ തമിഴ്‌നാട്‌: പട്ടികയിലേ ഇല്ലാതെ വമ്പൻ സംസ്ഥാനങ്ങൾ



കൊച്ചി ദേശീയ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക്‌ (എൻഐആർഎഫ്) റിപ്പോർട്ടിൽ കോളേജുകളുടെ വിഭാഗത്തിൽ കേരളത്തിന്റെ നേട്ടത്തിന്‌ തിളക്കമേറെ. രാജ്യത്തെ മികച്ച 100 കോളേജിന്റെ പട്ടികയിൽ 14 എണ്ണവുമായി കേരളം രണ്ടാം സ്ഥാനത്തെത്തി. പട്ടികയിൽ ആദ്യ സ്ഥാനം തമിഴ്‌നാടിനാണ്‌. തമിഴ്നാട്ടിൽനിന്ന് 35 കോളേജ്‌ പട്ടികയിലുണ്ട്‌. ഡൽഹി സർവകലാശാലയിലെ 32 കോളേജിന്റെ മികവിൽ കേന്ദ്രഭരണ പ്രദേശമായ ഡൽഹിയും പട്ടികയിലുണ്ട്‌. സംസ്ഥാനങ്ങളിൽ പശ്ചിമ ബംഗാളാണ്‌ മൂന്നാം സ്ഥാനത്ത്‌. ബംഗാളിൽനിന്ന്‌ എട്ടു കോളേജാണ്‌ ആദ്യനൂറിൽ ഇടംനേടിയത്‌. കേരളത്തിലെ 166 കോളേജും തമിഴ്‌നാട്ടിലെ 384 കോളേജുമാണ്‌ റാങ്കിങ്ങിനായി പരിഗണിച്ചത്‌. ആദ്യ 200ൽ സംസ്ഥാനത്തെ 42 കോളേജ്‌ ഉൾപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്ര, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഒരു കോളേജുപോലും പട്ടികയിലില്ല. മഹാരാഷ്ട്ര–- മൂന്ന്‌, കർണാടകം–- രണ്ട്‌, ഗുജറാത്ത്, ഹരിയാന, മിസോറം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഓരോ കോളേജും പട്ടികയിൽ ഇടംനേടി. ഡൽഹി മിറാൻഡ ഹൗസ്, ഡൽഹി ഹിന്ദു കോളേജ്, ചെന്നൈ പ്രസിഡൻസി കോളേജ് എന്നിവയാണ് ദേശീയതലത്തിൽ ആ​ദ്യ മൂന്നു സ്ഥാനത്തുള്ളത്. കേരളത്തിലെ 14 കോളേജിൽ മൂന്നെണ്ണം സർക്കാർ കോളേജുകളാണ്‌. തുടർച്ചയായി ആറാം തവണയും യൂണിവേഴ്സിറ്റി കോളേജ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. അധ്യാപനം, അടിസ്ഥാന സൗകര്യം, ഗവേഷണം, തൊഴിലധിഷ്ഠിത പരിശീലനം, ബിരുദധാരികളുടെ എണ്ണം, ഭിന്നശേഷി–- -സ്ത്രീ സൗഹൃദ വിദ്യാഭ്യാസം തുടങ്ങി വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. സർക്കാർ പിന്തുണയുടെ ഗുണഫലം ഉന്നത വിദ്യാഭ്യാസമേഖലയുടെ വളർച്ചയ്‌ക്കുള്ള സർക്കാർ പിന്തുണയുടെ ഗുണഫലമാണ്‌ എൻഐആർഎഫ് റാങ്കിങ്ങിൽ കേരളത്തിന്റെ മികച്ച നേട്ടമെന്ന്‌ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ ആദ്യനൂറിൽ സംസ്ഥാനത്തെ 14 എണ്ണമുണ്ട്‌. മൂന്നെണ്ണം സർക്കാർ കോളേജുകളാണ്‌. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ് എന്നിവയ്‌ക്കാണ്‌ നേട്ടം. സർവകലാശാലകളെ മന്ത്രി അഭിനന്ദിച്ചു. സ്റ്റാർട്ടപ് നയത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട്‌ ചേർന്ന് ഗവേഷണ പാർക്കുകൾ ആരംഭിക്കും. ‘ഓരോ സ്ഥാപനത്തിനൊപ്പവും ഓരോ സ്റ്റാർട്ടപ്‌ പാർക്ക്’ ആശയം നടപ്പാക്കും. എട്ടു പോളിടെക്‌നിക്‌, നാല് ഐഎച്ച്ആർഡി കോളേജിലുമടക്കം 13 മിനി ഇൻഡസ്ട്രിയൽ യൂണിറ്റ്‌ ഈ വർഷം തുടങ്ങും. പ്രവേശനംമുതൽ സർട്ടിഫിക്കറ്റുവരെ ഒരു കുടക്കീഴിലാക്കുന്ന ‘കെ-– -റീപ്’ സോഫ്റ്റ് വെയർ തയ്യാറാകുന്നു.  സർവകലാശാല ബില്ലുകൾ അംഗീകരിക്കുന്നതിൽ ഗവർണറുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാക് അക്രെഡിറ്റേഷനായി ‘വിഷൻ -2024’ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. Read on deshabhimani.com

Related News