സിനിമയല്ല ഇത് ജീവിതം: നിരഞ്ജന് വീടൊരുക്കാൻ സിപിഐ എം

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് എസ് നിരഞ്ജന് ജയദേവൻ മാസ്റ്റർ സൊസൈറ്റിയുടെ ഉപഹാരം പ്രസിഡന്റ് മടവൂർ അനിൽ കൈമാറുന്നു


കിളിമാനൂർ > മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ്  നിരഞ്ജന്റെ മനസ്സിൽ വലിയൊരു സ്വപ്നമുണ്ട്. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം. ഷീറ്റുകൊണ്ടുമറച്ച  ഒറ്റമുറി ഷെഡിലാണ് വെള്ളിത്തിരയിലെ ഈ താരവും ഡി​ഗ്രി വിദ്യാർഥിനിയായ സഹോദരിയും കൂലിപ്പണിക്കാരായ അച്ഛനമ്മമാരും കഴിയുന്നത്. സിപിഐ എം നിയന്ത്രണത്തിലുള്ള കെ എം ജയദേവൻമാസ്റ്റർ സൊസൈറ്റി  നിരഞ്ജന്റെ സ്വപ്‌നം യാഥാർഥ്യമാക്കാൻ രംഗത്തെത്തി.     നിരഞ്ജനും കുടുംബത്തിനും താമസിക്കാൻ എല്ലാവിധ സൗകര്യത്തോടുംകൂടിയ വീട് നിർമിച്ചുനൽകുമെന്ന്  സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിൽ അറിയിച്ചു.  ഇതിന്റെ നടപടി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈസ് പ്രസിഡന്റ് എസ് ജയചന്ദ്രൻ, സെക്രട്ടറി എം ഷാജഹാൻ, ട്രഷറർ എസ് രഘുനാഥൻ, സിപിഐ എം ഏരിയ കമ്മിറ്റിയം​ഗങ്ങളായ ജി വിജയകുമാർ, ജി രാജു, ലോക്കൽ സെക്രട്ടറി എൻ രവീന്ദ്രൻ ഉണ്ണിത്താൻ, ഹജീർ, ദിലീപ് കുമാർ, രാമചന്ദ്രകുറുപ്പ്  തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.   ശ്യാമപ്രസാദ് സംവിധാനംചെയ്ത ‘കാസിമിന്റെ കടൽ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ്  നാവായിക്കുളം വെട്ടിയറ സ്വദേശി നിരഞ്ജന് പുരസ്‌കാരം ലഭിച്ചത്. കെ എം ജയദേവൻമാസ്റ്റർ സൊസൈറ്റി രണ്ടു കുടുംബത്തിന്‌ വീട് നിർമിച്ച് താക്കോൽ കൈമാറിയിട്ടുണ്ട്. Read on deshabhimani.com

Related News