നിലമ്പൂർ – ഷൊർണൂർ ട്രെയിൻ യാത്ര പെടാപ്പാട്‌

കഠിനം, ദുസ്സഹം... ലോക്മാന്യതിലക് - തിരുവനന്തപുരം–നേത്രാവതി എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെ​ന്റില്‍ തിങ്ങിനിറഞ്ഞ യാത്രക്കാര്‍


നിലമ്പൂർ > ഹരിത ഇടനാഴിയാണ്‌ നിലമ്പൂർ – ഷൊർണൂർ പാത. ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെ സ്ഥിരം യാത്രക്കാർ ഏറെ. കാടും പുഴയും താണ്ടിയുള്ള യാത്ര ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്കും ഇഷ്‌ടമേറെ. എങ്കിലും അവഗണനയുടെ പടുകുഴിയിലാണ്‌ ഈ പാത. ട്രെയിനുകളുടെ പതിവ് വൈകിയോടലും തലവേദന. എൻജിൻ തകരാറും സി​ഗ്നൽ പ്രശ്‌നങ്ങളും കാരണം രണ്ടാഴ്‌ചക്കിടെ മുടങ്ങിയ സർവീസുകൾ നിരവധി. വൈകി ഓടിയെത്തുമ്പോഴേക്ക്‌ കണക്ഷൻ ട്രെയിനുകൾ പോയിട്ടുണ്ടാകും. പുലർച്ചെ 5.30ന്‌ നിലമ്പൂരിൽനിന്ന് പുറപ്പെട്ട് ഏഴിന്‌ ഷൊർണൂരിലെത്തുന്ന പാസഞ്ചർ വൈകിയാൽ ഷൊർണൂരിൽനിന്ന്‌ രാവിലെ 7.30ന്‌ പുറപ്പെടുന്ന തിരുവനന്തപുരം - ജനശതാബ്‌ദി എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ളവ ലഭിക്കില്ല. നിലമ്പൂരിൽനിന്ന് ജനശതാബ്‌ദി റിസർവ് ചെയ്‌തവർ  വഴിയിൽ കുടുങ്ങും. രാവിലെ ഏഴിന്‌ നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന വണ്ടി 8.45ന്‌ ഷൊർണൂരിലെത്തിയാലേ കണ്ണൂർ - ആലപ്പി എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ്‌ കിട്ടൂ. വൈകിട്ട്‌ നിലമ്പൂരിൽനിന്നുള്ള സർവീസുകൾ വൈകിയാൽ ചെന്നൈ, കോയമ്പത്തൂർ ട്രെയിനുകൾ സ്‌റ്റേഷൻ വിടും. നിലമ്പൂർ, വണ്ടൂർ, ഏറനാട്, ഗൂഡല്ലൂർ തുടങ്ങി കുടിയേറ്റ മേഖലയിലെ ജനങ്ങളാണ് നിലമ്പൂർ–ഷൊർണൂർ പാത പ്രധാനമായും ആശ്രയിക്കുന്നത്‌. 14 സർവീസും വരുമാനവുമുള്ള പാതയോട്‌ ദക്ഷിണ റെയിൽവേ കാട്ടുന്ന അവഗണനയിൽ കടുത്ത പ്രതിഷേധമാണ്‌ ഉയരുന്നത്‌. വേണം, ബ്ലോക്ക് സ്റ്റേഷനുകൾ  ഷൊർണൂർ - അങ്ങാടിപ്പുറം, അങ്ങാടിപ്പുറം - വാണിയമ്പലം ബ്ലോക്ക് സെക്ഷനുകൾക്കിടയിലെ ദൂരം 28 കിലോമീറ്റർ. ഷൊർണൂരിനും അങ്ങാടിപ്പുറത്തിനുമിടയിൽ 14 കിലോമീറ്റർ ദൈർഘ്യത്തിൽ കുലുക്കല്ലൂരും വാണിയമ്പലത്തിനും അങ്ങാടിപ്പുറത്തിനും ഇടയിൽ 14 കിലോമീറ്റർ ദൈർഘ്യത്തിൽ മേലാറ്റൂരും പുതിയ ബ്ലോക്ക് സ്‌റ്റേഷൻ (ക്രോസിങ്‌ സ്‌റ്റേഷൻ) വേണമെന്ന ആവശ്യം ശക്തമാണ്‌. ബ്രിട്ടീഷുകാർ പാത നിർമിച്ച സമയത്ത് ഇവിടെ രണ്ട് സർവീസ് മാത്രമായിരുന്നു. അക്കാലത്തെ പത്ത് സ്റ്റോപ്പുകളിൽ ആറിടത്തും ബ്ലോക്ക് സ്‌റ്റേഷൻ ക്രമീകരിച്ചിരുന്നു. മേലാറ്റൂർ റെയിൽവേ സ്‌റ്റേഷനിൽ ക്രോസിങ് സംവിധാനം പുനഃസ്ഥാപിക്കണമെന്നത് ഒന്നര പതിറ്റാണ്ടായുള്ള ആവശ്യമാണ്‌. മേലാറ്റൂരിലും കുലുക്കല്ലൂരിലും 500 മീറ്റർ ദൂരപരിധിയിൽ ബ്ലോക്ക് സ്‌റ്റേഷൻ ട്രാക്കിന്‌ കുറഞ്ഞ ചെലവേ വരൂ. ബ്ലോക്ക് സ്റ്റേഷൻ വന്നാൽ എൻജിൻ തകരാറായി ട്രെയിൻനിന്നാലും മറ്റ്‌ സർവീസുകളെ ബാധിക്കില്ല. ​ഗുഡ്സ് ട്രെയിനുകൾക്ക്‌ ഏതുസമയത്തും പോകാം.  രാഹുൽഗാന്ധി കാണുന്നില്ലേ... രാഹുൽഗാന്ധിയുടെ മണ്ഡലത്തിലെ  രണ്ട് പ്രധാന റെയിൽവേ പാതകളിൽ ഒന്നാണ്‌ നിലമ്പൂർ - ഷൊർണൂർ. മേൽക്കൂരയടക്കം അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്‌ പരിഹരിക്കാൻ ഒരുരൂപപോലും എംപി ഫണ്ട്‌ നൽകിയിട്ടില്ല. പി വി അബ്‌ദുൾ വഹാബ്‌ എംപിയും പി വി അൻവർ എംഎൽഎയും സ്റ്റേഷൻ വികസനത്തിന് ഫണ്ട് അനുവദിച്ചിട്ടും രാഹുൽഗാന്ധി തിരിഞ്ഞുനോക്കിയിട്ടില്ല. Read on deshabhimani.com

Related News