നാട്ടുവൈദ്യന്റെ കൊലപാതകം; പ്രതികളെ ബത്തേരിയിലെത്തിച്ച്‌ തെളിവെടുത്തു ‌

ഷൈബിൻ അഷ്റഫിനെയും ഷിഹാബുദ്ദീനെയും ബത്തേരി മന്തൊണ്ടികുന്നിലെ വീട്ടിൽ പൊലീസ് തെളിവെടുപ്പിന്‌ കൊണ്ടുവന്നപ്പോൾ


ബത്തേരി> നാട്ടുവൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ പ്രതികളെ നിലമ്പൂർ പൊലീസ്‌ ബത്തേരിയിലെത്തിച്ച്‌ തെളിവെടുത്തു. പ്രതികളായ  നിലമ്പൂർ മുക്കട്ട കെപ്പഞ്ചേരി ഷൈബിൻ അഷറഫ്‌, ബത്തേരി കൈപ്പഞ്ചേരി പൊന്നകക്കാരൻ ഷിഹാബുദ്ദീൻ എന്നിവരെയാണ്‌ മന്തൊണ്ടിക്കുന്നിൽ ഷൈബിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലും പുത്തൻകുന്നിലെ ആഡംബര ബംഗ്ലാവിലും‌ എത്തിച്ച്‌ തെളിവെടുത്തത്‌‌. മന്തൊണ്ടിക്കുന്നിലെ  പരിശോധനയിൽ  വീടിനകത്ത്‌ ഒളിപ്പിച്ച നിലയിൽ അഞ്ച്‌ കത്തികൾ കണ്ടെടുത്തു. ബത്തേരിയിൽ മൈതാനിക്കുന്നിലും മാനിക്കുനിയിലുമായും ഷൈബിന്‌ മറ്റ്‌ രണ്ട്‌ വീടുകളുണ്ട്  നാല്‌ ചെറിയ കത്തികളും ഒരു വലിയ കത്തിയുമാണ്‌ ലഭിച്ചത്‌‌.  മൂന്നര മണിക്കൂർ തെളിവെടുപ്പ്‌ നീണ്ടു.   ഷൈബിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച്‌  നിർണായക വിവരങ്ങളും  ലഭിച്ചതായാണ്‌ സൂചന.  മറ്റുചില ആയുധങ്ങളും ലഭിച്ചിട്ടുണ്ട്‌.  പറമ്പിലും മാലിന്യം തള്ളുന്ന കുഴിയിലും പരിശോധന നടത്തി. ഇരുനില വീടിന്റെ അകത്തും പുറത്തുമായി ഇരുപതോളം സിസിടിവി ക്യാമറകളാണുള്ളത്‌.  ആഡംബര ബംഗ്ലാവിൽ തെളിവെടുപ്പ്‌ ഒരുമണിക്കൂറോളം നീണ്ടു.‌ കോടതിപ്പടിയിൽ ഷൈബിന്റെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലും അവിടെയുള്ള കോഴിക്കടയിലും പരിശോധന നടത്തി. ബുധൻ രാവിലെ പത്തോടെയാണ്‌ നിലമ്പൂർ സിഐ പി വിഷ്‌ണുവിന്റെ നേതൃത്വത്തിൽ പ്രതികളെ കൊണ്ടുവന്നത്‌.  വൈകിട്ട്‌ നാലോടെയാണ്‌ തെളിവെടുപ്പ്‌ പൂർത്തിയാക്കിയത്‌. Read on deshabhimani.com

Related News