നൈജീരിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർക്ക്‌ മോചനം

വി വിജിത്, മിൽട്ടൺ ഡിക്കോത്ത, സനു ജോസ്‌


കൊച്ചി > നൈജീരിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർക്ക്‌ ഒടുവിൽ മോചനം. നൈജീരിയൻ നാവികസേന ശനിയാഴ്‌ച കപ്പലിൽ നിന്ന്‌ പിൻവാങ്ങി. കപ്പൽ ഞായർ പുലർച്ചയോടെ ദക്ഷിണാഫ്രിക്കയിലെ കേപ്പ്‌ ടൗൺ തുറമുഖത്തേയ്‌ക്ക്‌ പുറപ്പെട്ടു. തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ളവർ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വീടുകളിൽ മടങ്ങിയെത്തും. കപ്പലിലെ വാട്ടർമാനായ എറണാകുളം മുളവുകാട്‌ സ്വദേശി മിൽട്ടൺ ഡിക്കോത്ത, കടവന്ത്രയിൽ താമസിക്കുന്ന കപ്പലിന്റെ ചീഫ് ഓഫീസർ  സനു ജോസഫ്‌,  കൊല്ലം സ്വദേശി വി വിജിത് എന്നിവരാണ്‌ കപ്പലിലുള്ളത്‌. ഇവരുടെ ബന്ധുക്കളുടെ പത്ത്‌ മാസത്തെ കാത്തിരിപ്പിനാണ്‌ അവസാനമായത്‌. കപ്പൽ ജീവനക്കാരുടെ പാസ്‌പോർട്ടും മൊബൈൽ ഫോണുകളും നൈജീരിയൻ നാവികസേന തിരികെ നൽകി. കപ്പൽ പുറപ്പെട്ടതായി മൂന്നു പേരും സംസാരിക്കുന്ന വീഡിയോയും ബന്ധുക്കൾക്ക്‌ ലഭിച്ചു. കപ്പൽ ദക്ഷിണാഫ്രിക്കയിലെ കേപ്പ്‌ ടൗണിലെത്താൻ പത്ത്‌ ദിവസമെടുക്കും. കപ്പലിലുള്ളവർക്ക്‌ പകരം ജീവനക്കാർ ഇവിടെ നിന്നാണ്‌ കയറുക. കപ്പലിൽ കുടുങ്ങിക്കിടക്കുന്നവരുടെ മെഡിക്കൽ പരിശോധനയും നടത്തും. ഇതിന്‌ ശേഷം ജീവനക്കാർ വിമാനത്തിൽ അവരവരുടെ നാടുകളിലേയ്‌ക്ക്‌ മടങ്ങും. മൂന്ന്‌ ദിവസത്തിനകം കേപ്പ്‌ ടൗണിൽ നിന്ന്‌ എല്ലാവർക്കും വീടുകളിലെത്താനാകുമെന്നാണ്‌ കപ്പൽ കമ്പനി അധികൃതർ അറിയിച്ചതെന്ന്‌ മിൽട്ടന്റെയും സനുവിന്റെയും ബന്ധുക്കൾ പറയുന്നു. ജീവനക്കാരെ മോചിപ്പിക്കുന്നതിനുള്ള പിഴത്തുക കപ്പൽ കമ്പനി നൈജീരിയൻ കോടതിയിൽ അടച്ചതിനെ തുടർന്നാണ്‌ നടപടികൾ വേഗത്തിലായത്‌. തുടർന്ന്‌ നൈജീരിയൻ സർക്കാരിന്റെ അനുമതി ലഭിച്ചതോടെ കപ്പൽ ജീവനക്കാരുടെ മോചനം സാധ്യമായി. സംസ്ഥാന സർക്കാരും നോർക്ക റൂട്ട്‌സും ചേർന്ന്‌ നടത്തിയ കൃത്യമായ ഇടപെടലുകളാണ്‌ നടപടികൾ വേഗത്തിലാക്കിയത്‌. എം ടി ഹീറോയിക് ഐഡുൻ എന്ന നെതർലൻഡ്‌സ്‌ കപ്പലാണ് സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞവർഷം ആഗസ്‌ത്‌ ഒമ്പതിന് ഗിനി സേന തടഞ്ഞത്. ഗിനി സർക്കാരിന് മോചനദ്രവ്യമായി വൻതുക നൽകിയെങ്കിലും കപ്പൽ വിട്ടുകൊടുത്തില്ല. ഈ സമയത്ത് കപ്പൽ സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് നൈജീരിയ രംഗത്തുവരികയും കപ്പലിനെയും നാവികരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. Caption : വി വിജിത്,  മിൽട്ടൺ ഡിക്കോത്ത, സനു ജോസഫ്‌ എന്നിവർ   Read on deshabhimani.com

Related News