ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കി മാറ്റാൻ പിഎഫ്ഐ ശ്രമിച്ചതായി എൻഐഎ കുറ്റപത്രം



കൊച്ചി> ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കി മാറ്റാൻ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ (പിഎഫ്ഐ) ലക്ഷ്യമിട്ടതായി എൻഐഎ കുറ്റപത്രം. 2047ൽ ഇസ്‌ലാമിക രാജ്യം സ്ഥാപിക്കാനാണ്‌ പദ്ധതിയിട്ടത്‌. പോപ്പുലർ ഫ്രണ്ട് നിരോധന കേസിൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി എൻഐഎ വെള്ളിയാഴ്‌ച രണ്ട്‌ കുറ്റപത്രങ്ങളാണ്‌ സമർപ്പിച്ചത്‌. മൊത്തം 68 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പിഎഫ്‌ഐ നേതാക്കൾക്കെതിരെ എൻഐഎ മാർച്ചിൽ ഫയൽ ചെയ്‌ത കുറ്റപത്രങ്ങളുടെ എണ്ണം ഇതൊടെ നാലായി. മതസ്‌പർധ പടർത്തുന്നതിനായി പിഎഫ്ഐ നോതക്കൾ ക്രമിനിനൽ ഗൂഢാലോചന നടത്തിയതായും മുസ്‌ലീം യുവാക്കൾക്ക്‌ ആയുധ പരിശീലനം നൽകിയതായും തീവ്രവാദ പ്രവർത്തനം നടത്തുന്നതിന്‌ പണം സ്വരൂപിച്ചതായും കുറ്റപത്രത്തിലുണ്ട്‌. പാലക്കാട് ശ്രീനിവാസൻ കേസ് പ്രതികളെക്കൂടി ഉൾപ്പെടുത്തിയാണ് കേരളത്തിലെ കുറ്റപത്രം കൊച്ചി എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്‌. വിവരങ്ങൾ കൈമാറുന്ന റിപ്പോട്ടർമാരുടെ വിഭാഗം, ആയുധ പരിശീലന വിഭാഗം, ലക്ഷ്യമിട്ടവരെ കൊലപ്പെടുത്താനുള്ള വിഭാഗം (ഹിറ്റ്‌ വിഭാഗം) തുടങ്ങിയവ  രൂപീകരിച്ച് ഇസ്‌ലാമിക രാജ്യം സ്ഥാപിക്കാൻ പ്രവർത്തനം നടത്തി. ‘ദാറുൽ ഖാസ’ എന്ന സമാന്തര കോടതികൾ സ്ഥാപിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചാണ്‌ ആയുധ പരിശീലനം ലഭിച്ച കേഡർമാരെ ഉപയോഗിച്ച്‌ ഹിറ്റ്‌ ലിസ്‌റ്റിലുള്ളവരെ വകവരുത്തിയിരുന്നത്‌. ഇന്ത്യൻ ശിക്ഷാനിയമം, യുഎപിഎ, ആയുധ നിയമം എന്നിവയിലെ വിവിധ വകുപ്പുകളാണ്‌ പ്രതികൾക്ക്‌ മേൽ ചുമത്തിയിരിക്കുന്നത്‌. കേരളത്തിലെ ഇതര മതസ്ഥരായ വ്യക്തികളെ ഇല്ലാതാക്കാൻ ശ്രമിച്ചു, പിഎഫ്‌ഐയ്‌ക്കെതിരായ ഏത് ആക്രമണത്തിനും തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനും കേഡറിനെ സജ്ജമാക്കാൻ ഭാരവാഹികൾ ഗൂഢാലോചന നടത്തി, നേതൃത്വത്തിന്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി മുൻകൂട്ടി തെരഞ്ഞെടുത്ത വ്യക്തികളെ ഇല്ലാതാക്കാൻ പിഎഫ്ഐ ആയുധ പരിശീലന വിഭാഗത്തെ ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെയുണ്ട്. ലഷ്‌കർ ഇ തായ്‌ബ, അൽ ഖ്വയ്‌ദ, ഐഎസ്‌ തുടങ്ങിയ തീവ്രവാദ സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിച്ചതായും കുറ്റപത്രത്തിലുണ്ട്‌. കണ്ടുകെട്ടിയത്‌ 17 വസ്‌തുവകകൾ, 18 ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചു കേരളത്തിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ 58 പ്രതികളാണുള്ളത്‌. 2022 സെപ്‌റ്റംബറിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ 16 പേർ അറസ്‌റ്റിലായി. നൂറിലധികം സ്ഥലങ്ങളിലാണ്‌ എൻഐഎ പരിശോധന നടത്തിയത്‌. തീവ്രവാദ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച 17 വസ്‌തുവകകൾ കണ്ടു കെട്ടി. 18 ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചു. പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൾ സത്താർ, സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം യഹിയ കോയ തങ്ങൾ, എറണാകുളം സോണൽ സെക്രട്ടറി എം എച്ച്‌ ഷിഹാസ്‌, ജില്ലാ ഭാരവവഹികളായ ടി എസ്‌ സൈനുദ്ദീൻ, എ പി സാദിഖ്, സി ടി സുലൈമാൻ, എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്‌മാൻ എന്നിവരടക്കമുള്ള നേതാക്കൾ പ്രതിപട്ടികയിലുണ്ട്‌. Read on deshabhimani.com

Related News