ഇന്നച്ചാ... ചിരിപ്പിച്ച് ചിരിപ്പിച്ച് 
കരയിച്ചല്ലോ

നടൻ ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ ഫോട്ടോ: ഡിവിറ്റ് പോൾ


തൃശൂർ മലയാളികളോട്‌ എന്നും ചിരിച്ചിട്ടേയുള്ളൂ ഇന്നസെന്റ്‌, തിരിച്ചും. ഈ പകൽ  അവരാദ്യമായി പ്രിയപ്പെട്ടവനെ നോക്കി കരഞ്ഞു.  നാട്ടിടവഴികളിൽനിന്ന്‌ വളർന്ന്‌ പോയവൻ, കൂട്ടത്തിലൊരാളായി ജീവിച്ചവൻ, ചേതനയറ്റ്‌ തിരിച്ചെത്തിയിരിക്കുന്നു. ഇരിങ്ങാലക്കുടയിലെ ‘പാർപ്പിട’ത്തിൽ കണ്ണടച്ച്‌ കിടക്കുമ്പോൾ മുഖത്ത്‌ ഒരു ചെറുചിരിമാത്രം ബാക്കി. വേഷം പതിവ് സ്വർണക്കളർ ജുബ്ബതന്നെ. ഞായറാഴ്‌ച രാത്രി പത്തരയോടെ മരണത്തിന്‌ കീഴടങ്ങിയ ഇന്നസെന്റിനെ അവസാനമായി കാണാൻ സിനിമാലോകത്തേയും കലാസാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെയും പ്രമുഖരടക്കം പതിനായിരങ്ങളാണ്‌ എത്തിയത്‌. ചൊവ്വാഴ്‌ച രാവിലെ  പത്തിന്‌ ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തീഡ്രൽ സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം.  ലേക്‌ഷോർ ആശുപത്രിയിൽ നിന്ന്‌ തിങ്കളാഴ്‌ച രാവിലെ 7.55ന്‌  മൃതദേഹം പൊതുദർശനത്തിന്‌ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലെത്തിച്ചു. വലിയ ജനസഞ്ചയം ഇവിടേക്കെത്തി. പതിനൊന്നരയോടെ ഇരിങ്ങാലക്കുടയിലേക്ക്‌ വിലാപയാത്ര പുറപ്പെട്ടു. ആലുവയിലും അങ്കമാലിയിലും ചാലക്കുടിയിലുമെല്ലാം ആളുകൾ തടിച്ചുകൂടി. പകൽ രണ്ടരയോടെ  ഇരിങ്ങാലക്കുട ടൗൺഹാളിൽ. അവിടെയും ജനസാഗരം. പകൽ 3.22ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ പ്രിയസഖാവിന്‌ അന്ത്യാഭിവാദ്യമർപ്പിച്ചു. അഞ്ചരയോടെ മൃതദേഹം ഇരിങ്ങാലക്കുട തെക്കേഅങ്ങാടിയിലെ  വീട്ടിലെത്തിച്ചു. ഭാര്യ ആലീസ്‌, മകൻ സോണറ്റ്‌, മരുമകൾ രശ്‌മി, പേരക്കുട്ടികളായ അന്ന, ജൂനിയർ ഇന്നസെന്റ്‌ എന്നിവർ നിറകണ്ണുകളോടെ പ്രിയപ്പെട്ടവനെ കെട്ടിപ്പുണർന്നു.    സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എം എ ബേബി, എ വിജയരാഘവൻ, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, സംവിധായകരായ ജോഷി, സത്യൻ അന്തിക്കാട്‌, പ്രിയദർശൻ, കമൽ, മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി രാജീവ്‌, സജി ചെറിയാൻ, എം ബി രാജേഷ്‌, ആർ ബിന്ദു,  കെ രാജൻ,  പി പ്രസാദ്‌, കെ കൃഷ്‌ണൻകുട്ടി, സാഹിത്യ അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി.   Read on deshabhimani.com

Related News