ഒടുവിൽ കണ്ണൂർ മേയർ സമ്മതിച്ചു ; സോണ്ടയെ ഒഴിവാക്കാൻ തീരുമാനിച്ചത്‌ മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിൽ



കണ്ണൂർ ചേലോറയിലെ മാലിന്യസംസ്കരണത്തിനുള്ള കരാറിൽനിന്ന്‌ സോണ്ട ഇൻഫ്രാടെക്കിനെ മാറ്റാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടുവെന്ന ആരോപണം വിഴുങ്ങി മേയർ. ഈ കമ്പനിയെ ഒഴിവാക്കാൻ തീരുമാനിച്ചത്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണെന്നും മേയർ ടി ഒ മോഹനൻ ബുധനാഴ്‌ച വാർത്താസമ്മേളനത്തിൽ തുറന്നുസമ്മതിച്ചു. ബ്രഹ്‌മപുരം പശ്‌ചാത്തലത്തിൽ രാഷ്‌ട്രീയലക്ഷ്യംവച്ച്‌ ഉന്നയിച്ച, കമ്പനിക്ക്‌ കരാർ നൽകാനും ഒഴിവാക്കാതിരിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടുവെന്നുള്ള ആരോപണത്തിൽനിന്നാണ്‌ മേയർ മലക്കംമറിഞ്ഞത്‌. വകുപ്പുതലത്തിൽ സെക്രട്ടറി അയച്ചതായി പറയുന്ന ചില കത്തുകളെക്കുറിച്ചുമാത്രമാണ്‌ മേയർക്ക്‌ ഇപ്പോൾ പറയാനുള്ളത്‌. നയപരമായ തീരുമാനങ്ങൾ എടുത്തുകഴിഞ്ഞാൽ ഇത്തരം കത്തുകൾ തികച്ചും അപ്രസക്തമായിരിക്കെ, അതും പൊക്കിപ്പിടിച്ചാണ്‌ മേയറുടെ രാഷ്‌ട്രീയക്കളി.    ചേലോറയിൽ മാലിന്യസംസ്‌കരണത്തിനുള്ള ബയോമൈനിങ്ങിന്‌ സോണ്ട ഇൻഫ്രാടെക്കിനാണ്‌ കരാർ ലഭിച്ചത്‌. സിംഗിൾ ടെൻഡറിൽ പങ്കെടുത്ത്‌ 6.86 കോടിക്കാണ്‌ കമ്പനി കരാർ നേടിയത്‌. കൂടുതൽ തുക ആവശ്യപ്പെട്ടതോടെ കരാർ റദ്ദാക്കാൻ തീരുമാനിക്കുകയായി
രുന്നു.   2021 നവംബർ 17ന്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ്‌ നിലവിലുള്ള കരാർ റദ്ദാക്കാനും കോർപറേഷൻ നേരിട്ട്‌ ടെൻഡർ വിളിക്കാനും തീരുമാനിച്ചത്‌. കരാർ തുകയിൽനിന്ന്‌ കൂടുതൽ നൽകാനാകില്ലെന്ന നിലപാടാണ്‌ എൽഡിഎഫും എടുത്തത്‌. തുടർന്ന്‌, 2021 ഫെബ്രുവരിയിലാണ്‌ കോർപേറേഷൻ കൗൺസിൽ യോഗം കരാർ റദ്ദാക്കാൻ തീരുമാനിച്ചത്‌. ഇതെല്ലാം മറച്ചുപിടിച്ചായിരുന്നു നുണപ്രചാരണം. മാലിന്യനീക്കത്തിനുള്ള കരാറിൽനിന്ന്‌ ഒഴിവാക്കിയിട്ടും മുൻകൂറായി അടച്ച 68 ലക്ഷം രൂപ സോണ്ട കമ്പനിയിൽനിന്ന്‌ തിരിച്ചുപിടിക്കാനുള്ള നടപടി കോർപറേഷൻ വൈകിപ്പിക്കുന്നതിലും ദുരൂഹതയുണ്ട്‌. കരാർ റദ്ദാക്കി 13 മാസം കഴിഞ്ഞിട്ടും കമ്പനിക്കെതിരെ കേസുപോലും ഫയൽചെയ്‌തിട്ടില്ല. ഇക്കാര്യത്തിലും മേയർ വാർത്താസമ്മേളനത്തിൽ ഉരുണ്ടുകളിച്ചു. Read on deshabhimani.com

Related News