ഹം ഖുശീ ഹേ, സർകാർ ബഹുത് മദത് കർത്താ ഹേ



കൽപ്പറ്റ "ഹം ഖുശീ ഹേ. സർകാർ ബഹുത് മദത് കർത്താ ഹേ" ( ഞങ്ങൾ ഇവിടെ സന്തുഷ്ടരാണ്.  സർകാർ ഞങ്ങളെ  സഹായിക്കുന്നുണ്ട്). പശ്ചിമ ബംഗാളിൽനിന്നും അന്നംതേടിയെത്തിയ മുഹ്‌സിൻ മൊണ്ടാൽ പറഞ്ഞു. ഭക്ഷണം പാകം ചെയ്യാനാവശ്യമായ ഉള്ളി, പരിപ്പ്, ഗോതമ്പ് തുടങ്ങിയവയെല്ലാം സ്റ്റോക്കുണ്ടെന്നും മുഹ്‌സിൻ പറഞ്ഞു. അന്നവും അഭയവും നൽകാതെ ആയിരക്കണക്കിന് തൊഴിലാളികളെ തെരുവിലേക്കിറക്കി വിടുന്ന ഉത്തരേന്ത്യയല്ല കേരളമെന്ന് ഉപജീവനത്തിനായി ജില്ലയിലേക്ക്‌ പലായനം ചെയ്ത അതിഥി തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. നാട്ടിൽപ്പോകണമെന്നാവശ്യപ്പെട്ട് പായിപ്പാട് ആളുകൾ തെരുവിലിറങ്ങിയതിലും ഈ തൊഴിലാളികൾക്ക് അമർഷമുണ്ട്. "വളരെ മോശമായിപ്പോയി. ഞങ്ങൾക്ക് വേണ്ടി സർക്കാർ കുറേ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിനാൽ സർക്കാർ പറയുന്നത് നാം അനുസരിക്കണം" 12 വർഷം മുമ്പ് ബംഗാളിലെ ഫർഗാന ജില്ലയിൽനിന്നും വയനാട്ടിലെത്തിയ ജെസിം മൊണ്ടാൽ പറഞ്ഞു. ഈ നാടാണ് പട്ടിണി അകറ്റി തങ്ങളുടെ ജീവിതത്തിൽ വെളിച്ചം പകർന്നതെന്നും ജെസിം നന്ദിയോടെ അനുസ്മരിക്കുന്നു. കോവിഡ് രോഗവ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്കൗട്ട് മൂലം തൊഴിൽ നഷ്ടമായ  തങ്ങളെ സഹായിക്കാൻ  സ്വീകരിക്കുന്ന നടപടികളിൽ  ഈ തൊഴിലാളികൾ സന്തുഷ്ടരാണ്. തങ്ങളുടെ ജന്മനാട്ടിലായിരുന്നു ഇത്തരം ഒരവസ്ഥ വന്നതെങ്കിൽ സ്ഥിതി ഇതാ വില്ലെന്നും അവർ പറയുന്നു. കർണാടക, ബംഗാൾ, ഒറീസ ,ആസാം തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 11000 ത്തോളം അതിഥി തൊഴിലാളികൾ ജില്ലയിലുണ്ടെന്നാണ് ലേബർ ഡിപ്പാർട്ട്മെന്റ് കണക്ക്.  ലോക്കൗട്ടിന് മുമ്പ്  ഭൂരിഭാഗം തൊഴിലാളികളും സ്വന്തം നാടുകളിലേക്ക് മടങ്ങി. ഇപ്പോൾ 4000 ത്തോളം തൊഴിലാളികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ജില്ല ലേബർ ഓഫിസർ കെ സുരേഷ് പറഞ്ഞു. ഈ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നേരത്തെ തന്നെ നടപടികൾ എടുത്തിരുന്നു. താമസ സൗകര്യവും ഭക്ഷണവും ഉറപ്പാക്കി. സമൂഹ അടുക്കള വഴി എറ്റവും അധികം ഭക്ഷണം നൽകുന്നത് ഈ തൊഴിലാളികൾക്കാണെന്ന് കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ പി സാജിത പറഞ്ഞു.  പായിപ്പാട് തൊഴിലാളികൾ തെരുവിലിറങ്ങിയതോടെ കൂടുതൽ ജാഗ്രത പുലർത്തി വരുന്നതായി ലേബർ ഓഫിസർ  കെ സുരേഷ്‌ പറഞ്ഞു. കോൺട്രാക്ടർമാരുടെ കീഴിൽ 1721 തൊഴിലാളികളുണ്ട്. ബാക്കിയുള്ളവരെ ആവശ്യക്കാർ ജോലിക്ക് വിളിച്ച് കൊണ്ട് പോകുകയാണ്. കോൺട്രാക്ടർമാരുടെ കീഴിലുള്ളവർക്ക് അവർ തന്നെ ഭക്ഷണം നൽകും. ബാക്കിയുള്ളവർക്കാണ് കമ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം നൽകുന്നത്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ലേബർ ഓഫിസർമാർ ഇവർ താമസിക്കുന്ന സ്ഥലങ്ങളിലെത്തി പരിശോധന നടത്തുന്നുണ്ട്‌. ഭക്ഷ്യ വസ്തുക്കൾ ആവശ്യമുള്ളവർക്ക് എത്തിക്കുമെന്നും ലേബർ ഓഫിസർ പറഞ്ഞു. മൂന്ന് താലൂക്കുകളിലും പ്രശ്നങ്ങൾ അറിയിക്കാൻ സഹായ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.   Read on deshabhimani.com

Related News