യുവാവിന്റെ ജീവനെടുത്തത്‌ ഹമ്പ്‌; പൊളിച്ചുമാറ്റി



ഗൂഡല്ലൂർ  ഗൂഡല്ലൂർ –- ബത്തേരി റോഡിലെ പുതിയ ഹമ്പുകൾ (സ്പീഡ് ബ്രേക്കർ) വിനയായി മാറുന്നു. പാടന്തറയിൽ ഞായർ രാത്രി ബൈക്കിൽ വരികയായിരുന്ന തൊണ്ടർനാട്‌ സ്വദേശിയായ യുവാവിന്റെ ജീവൻ പൊലിഞ്ഞു. ഇതോടെ പാടന്തറയിലെ അപകടമുണ്ടാക്കിയ നിർമാണത്തിലുള്ള ഹമ്പ്‌ ഹൈവേ വകുപ്പ് പൊളിച്ചുമാറ്റി. പൊർളോം നെല്ലേരി കിഴക്കേകുടിയിൽ  ജിബിൻ (28) ആണ്‌ മരിച്ചത്‌. സഹോദരൻ പരിക്കേറ്റ്‌ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌.  പാട്ടവയൽ–- ഗൂഡല്ലൂർ, ദേവാല–-പന്തല്ലൂർ റോഡുകളിൽ വാഹനങ്ങളുടെ  വേഗം  നിയന്ത്രിക്കാൻ നിർമിക്കുന്ന ഹമ്പുകൾ പതിവ്‌ അപകടക്കെണിയാണ്‌. ഒരടി ഉയരത്തിലുള്ള  ഹമ്പിൽ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കയറി ഇറങ്ങാൻ പ്രയാസപ്പെടുകയാണ്‌. പലയിടങ്ങളിൽ ഇത്തരത്തിൽ ഹമ്പ്‌ സ്ഥാപിച്ചിട്ടുണ്ട്‌. ചിലയിടത്ത്‌ പ്രവൃത്തി പുരോഗമിക്കുന്നു. ഞായർ രാത്രി പാടന്തറ അപകടം നടന്ന സ്ഥലത്ത് പ്രവൃത്തി മുഴുവനായിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്‌ ഹമ്പ്‌ പൂർണമായി നീക്കി. ഒരടി ഉയരത്തിൽ കെട്ടിയുണ്ടാക്കിയ ഹമ്പുകൾ  ഉടനെ നീക്കണമെന്ന്‌ ഗൂഡല്ലൂർ എംഎൽഎ ആവശ്യപ്പെട്ടു.  കോഴിക്കോട്, കാസർകോട്, കണ്ണൂർ, വയനാട് ഭാഗങ്ങളിൽനിന്നെല്ലാം നിരവധി സഞ്ചാരികൾ ബൈക്കിലും ചെറുവാഹനങ്ങളിലും ഈ റൂട്ടിലൂടെ വരാറുണ്ട്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട് ഭാഗത്തേക്കും ഈ റൂട്ടിലൂടെ പോകാറുണ്ട്.  അപകടം കുറഞ്ഞ റൂട്ടിൽ ഇങ്ങനെയുള്ള ഹമ്പിന്റെ ആവശ്യമില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു. ബന്ധപ്പെട്ടവർ ഇവ നീക്കംചെയ്ത് ജനങ്ങളുടെ ജീവന് വിലകൽപ്പിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം. Read on deshabhimani.com

Related News