കോളനികളിൽ ബോധവൽക്കരണവുമായി പൊലീസ്‌

‘നമ്മുടെ മക്കൾ’ പദ്ധതിയുടെ ഭാഗമായി ജില്ലാ ജനമൈത്രി പൊലീസ്‌ കോളനിയിൽ നടത്തിയ 
ബോധവൽക്കരണ പരിപാടിയിൽനിന്ന്‌


  കൽപ്പറ്റ ആദിവാസികളിൽ ആചാരപരമായ വിവാഹത്തിന്റെ പേരിൽ പുരുഷന്മാർ പോക്‌സോ കേസിൽ അകപ്പെടുന്നത്‌ അവസാനിപ്പിക്കാൻ ‘നമ്മുടെ മക്കൾ’ പദ്ധതിയുമായി ജനമൈത്രി പൊലീസ്‌. കോളനികളിൽ ബോധവൽക്കരണവും വിവിധ പരിപാടികളുമാണ്‌ സംഘടിപ്പിച്ചത്‌.  നവംബർ ഒന്ന്‌ മുതൽ ആരംഭിച്ച പരിപാടി  ചൊവ്വാഴ്‌ച സമാപിക്കും.  പാട്ടുപാടിയും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചും നടത്തുന്ന ബോധവൽക്കരണ പരിപാടികൾക്ക്‌ വലിയ പ്രതികരണമാണുണ്ടാവുന്നതെന്ന്‌ ജനമൈത്രി ജില്ലാ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി മനോജ്‌ കുമാർ, ജില്ലാ അസി.നോഡൽ ഓഫീസർ കെ എം ശശിധരൻ എന്നിവർ  പറഞ്ഞു. നിയമത്തിന്റെ അജ്ഞതകൊണ്ടാണ്‌ ആദിവാസികളിൽ ബാല്യവിവാഹവും പ്രായപൂർത്തിയാകാതെയുള്ള ലൈംഗിക ബന്ധവും നടക്കുന്നത്‌. നിയമത്തിന്റെ മുന്നിൽ ഇതെല്ലാം കുറ്റകരമായതിനാൽ പോക്‌സോ ചുമത്തി ഭർത്താവായ യുവാവ്‌ ജയിലിലാവുകയും  കുടുംബത്തിന്റെ ഉപജീവനം പ്രതിസന്ധിയിലാവുകയുമാണ്‌.  ബോധവൽക്കരണവും മറ്റ്‌ പരിപാടികളും നടത്തി ഇത്തരം പ്രശ്‌നങ്ങൾക്ക്‌ പരിഹാരമുണ്ടാക്കുകയാണ്‌  ലക്ഷ്യം. ചെതലയം പൂഞ്ചിറ കോളനിയിൽ ജില്ലാ പൊലീസ്‌ മേധാവി അർവിന്ദ്‌ സുകുമാറാണ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌. ഒരു മാസത്തിനകം ജില്ലയിലെ 17 പൊലീസ്‌ സ്‌റ്റേഷനുകളിലായി 212 കോളനികളിൽ ബോധവൽക്കരണ  ക്ലാസുകൾ സംഘടിപ്പിച്ചു. അയ്യായിരത്തോളം പേരാണ്‌ വിവിധ പരിപാടികളിലായി പങ്കെടുത്തത്‌.  ആദ്യഘട്ട സമാപന പരിപാടി ചൊവ്വാഴ്‌ച വൈകിട്ട്‌ നാലിന്‌  പൊഴുതന ഇടിയംവയലിൽ നടക്കും.  ജില്ലാ പൊലീസ്‌ മേധാവി അർവിന്ദ്‌ സുകുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനസ്‌ റോസ്‌ന സ്‌റ്റെഫി എന്നിവർ പങ്കെടുക്കും.   Read on deshabhimani.com

Related News