വയനാട്ടിൽനിന്ന്‌ ‍
പങ്കെടുത്തത് 2500 പേർ



കൽപ്പറ്റ  കഴിഞ്ഞ 17ന്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ സംഘടിപ്പിച്ച പോപ്പുലർ ഫ്രണ്ട്‌ ജനമഹാ സമ്മേളനത്തിൽ ജില്ലയിൽനിന്ന്‌ പങ്കെടുത്തത്‌ 2500 പേരെന്ന്‌ റിപ്പോർട്ട്‌. ആളുകളെ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നേരത്തേ നടത്തി. ആഗസ്‌ത്‌ മാസത്തിൽ ഇതിനായി ‘നാട്ടൊരുമ’ എന്ന പേരിൽ ഏരിയാതലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. കോഴിക്കോട്‌ പരിപാടിയിൽ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങളും ഇതിനായി സംഘടിപ്പിച്ച പരിപാടികളെക്കുറിച്ചും പൊലീസ്‌ അന്വേഷിച്ചുവരികയാണ്‌. 27 ബസ്സുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമായാണ്‌ ആളുകളെ കോഴിക്കോട്ടേക്ക്‌ കൊണ്ടുപോയത്‌. ഇതിനായി പ്രത്യക്ഷ ഫണ്ടുശേഖരണം ഉണ്ടായിരുന്നില്ല. ഇത്രയധികം പേരെ കൊണ്ടുപോകാനുള്ള ഫണ്ട്‌ ലഭിച്ചത്‌ സംബന്ധിച്ചും അന്വേഷണമുണ്ട്‌. ജില്ലയിൽ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തനത്തിന്‌ താഴെത്തട്ട്‌ മുതൽ കമ്മിറ്റികളുണ്ട്‌.  ജില്ലാ കമ്മിറ്റിക്കുകീഴിൽ 13 ഏരിയാ കമ്മിറ്റികളും ഇവയ്‌ക്ക്‌ കീഴിലായി മേഖലാ കമ്മിറ്റികളും ബ്രാഞ്ച്‌ കമ്മിറ്റികളും രൂപീകരിച്ചായിരുന്നു പ്രവർത്തനം. ‘നാട്ടൊരുമ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ച്‌ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനും ശ്രമിച്ചു. ഫുട്‌ബോൾ ടൂർണമെന്റ്‌ ഉൾപ്പെടെ വിവിധ കായിക മത്സരങ്ങളും കലാമത്സരങ്ങളും നടത്തി. മിക്കയിടങ്ങളിലും കേഡർമാരുടെ ‘സെൽഫ്‌ ഡിഫൻസ്‌’ (സ്വയം പ്രതിരോധം) പ്രദർശനവും നടത്തി. പരിപാടിക്കെത്തുന്ന യുവാക്കളെ ആകർഷിക്കാനായിരുന്നു ഇത്‌.  സേവ്‌ ദി റിപബ്ലിക്‌ എന്ന പേരിലായിരുന്നു കോഴിക്കോട്ടെ പരിപാടി. ഇതേ മുദ്രാവാക്യം തന്നെയാണ്‌ നാട്ടൊരുമ പരിപാടികളിലും ഉപയോഗിച്ചത്‌. പിഎഫ്‌ഐയോടൊപ്പം ഇപ്പോൾ നിരോധിക്കപ്പെട്ട ഇതിന്റെ പോഷകസംഘടനകളായ ക്യാമ്പസ്‌ ഫ്രണ്ട്‌, നാഷണൽ വിമൻസ്‌ ഫ്രണ്ട്‌, ജൂനിയർ ഫ്രണ്ട്‌ തുടങ്ങിയ സംഘടനകളും ഈ പരിപാടികളിൽ സജീവമായിരുന്നു എന്നാണ്‌ വിവരം. പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയ പാർടിയായ എസ്‌ഡിപിഐയുടെ നേതാക്കളും പരിപാടികളിൽ പങ്കെടുത്തിരുന്നു. പലയിടത്തും പിഎഫ്‌ഐ ഏരിയാ സമ്മേളനങ്ങളോടനുബന്ധിച്ചായിരുന്നു ‘നാട്ടൊരുമ’ പരിപാടി.   Read on deshabhimani.com

Related News