പ്രശ്‌നപരിഹാര സംവിധാനം 
ശക്തിപ്പെടുത്തണം–- പി സതീദേവി

വനിത കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി കൽപ്പറ്റ സിവിൽ സ്‌റ്റേഷനിൽ അദാലത്തിൽ പരാതി കേൾക്കുന്നു


  കൽപ്പറ്റ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രശ്‌നപരിഹാര സംവിധാനങ്ങൾ ശക്തമാക്കണമെന്ന് വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി പറഞ്ഞു. വയനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനിതാ കമീഷൻ അദാലത്തിൽ കേസുകൾ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവർ. ഗാർഹിക പീഡനം, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ചുളള കേസുകളുടെ എണ്ണം ജില്ലയിൽ വർധിക്കുന്നുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യാൻ സാഹചര്യം ഒരുക്കുന്ന പോഷ് ആക്ട് (പ്രൊട്ടക്‌ഷൻ ഓഫ് സെക്‌ഷ്വൽ ഹരാസ്‌മെന്റ് ഇൻ വർക്ക്‌പ്ലെയ്‌സ്) അനുശാസിക്കുന്ന പ്രശ്നപരിഹാര സംവിധാനം നിലവിൽ പല തൊഴിൽസ്ഥാപനങ്ങളിലും ഇല്ലെന്ന പരാതികളും ലഭിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വീഴ്ച് പാടില്ല. അതിനാൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നിയമം അനുശാസിക്കുന്ന വിധത്തിൽ പരാതി പരിഹാര സംവിധാനങ്ങൾ രൂപീകരിച്ച് ഫലപ്രദമായി ഇടപെടലുകൾ നടത്തണമെന്ന് ചെയർപേഴ്‌സൺ നിർദേശിച്ചു.   അദാലത്തിൽ 36 പരാതികൾ കമീഷൻ പരിഗണിച്ചു. 10 പരാതികൾ തീർപ്പാക്കി. 21 എണ്ണം അടുത്ത അദാലത്തിൽ പരിഗണിക്കും. രണ്ട് പരാതികൾ ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോർട്ട് ലഭ്യമാക്കാൻ നിർദേശിച്ചു. വനിതാ കമീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വക്കറ്റുമാരായ ഓമന വർഗീസ്, മിനി മാത്യൂസ്, വനിതാ സെൽ സബ് ഇൻസ്പെക്ടർ കെ എം ജാനകി തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News