മഴ കനക്കുന്നു: 
ജാഗ്രതയിൽ ജില്ല



കൽപ്പറ്റ ജില്ലയിൽ മഴ ശക്തിപ്പെടുന്നു. മൺസൂൺ തുടക്കത്തിൽ മഴയിൽ വളരെ പിന്നിലായിരുന്ന ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്‌. മഴ കനക്കുന്നത്‌ ‌ കണക്കിലെടുത്ത്‌ മുന്നൊരുക്കങ്ങൾ തുടങ്ങി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, താഴ്‌ന്ന പ്രദേശങ്ങൾ എന്നിവയെല്ലാം പ്രത്യേകം നിരീക്ഷണത്തിലാണ്‌. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിലവിൽ നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മഴ കനത്താൽ സ്ഥിതിഗതികൾ പരിശോധിച്ച്‌ നടപടി എടുക്കുമെന്ന്‌ വിനോദസഞ്ചാര വകുപ്പ്‌ അധികൃതർ പറഞ്ഞു.   ജില്ലയിൽ ജൂണിൽ ആദ്യ പത്ത്‌ ദിവസം 25.3 മില്ലീ മീറ്റർ മഴയാണ്‌ ലഭിച്ചതെങ്കിൽ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 237.8 മില്ലീമീറ്റർ മഴ പെയ്‌തു.  ഒരാഴ്‌ചക്കുള്ളിൽ മാത്രം 146 മില്ലീമീറ്റർ മഴ ജില്ലയിൽ കിട്ടി. വരും ദിവസങ്ങളിൽ മഴ ശക്‌തിപ്പെടുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.  അതേസമയം കാലവർഷം ആരംഭിച്ച്‌ ഒരുമാസം പിന്നിടുമ്പോഴും പ്രതീക്ഷിച്ചതിനേക്കാൾ  61 ശതമാനം മഴക്കുറവ്‌ ജില്ലയിലുണ്ട്‌. സംസ്ഥാനത്ത്‌ ഇടുക്കിയിലും പാലക്കാടുമാണ്‌ വയനാട്ടിനേക്കാൾ മഴക്കുറവ്‌. ജൂൺ ഒന്നു മുതൽ 29 വരെയുള്ള കാലയളവിൽ 263.1 മില്ലീമീറ്റർ മഴയാണ്‌ ലഭിച്ചത്‌.  671.9 മില്ലീമീറ്റർ മഴയാണ്‌ പ്രതീക്ഷിച്ചത്‌‌. എഴുവർഷത്തിലെ കണക്ക്‌ പരിശോധിച്ചാൽ ഈ വർഷമാണ്‌ ജൂണിൽ ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയത്‌. മുൻ വർഷങ്ങളിലെല്ലാം ശരാശരി മൂന്നുറിനും നാനൂറിനും ഇടയിൽ മഴ ലഭിച്ചിരുന്നു.   Read on deshabhimani.com

Related News