നീമയുടെ വീട്‌ ഇവരുടെ പഠനവീട്‌



മേപ്പാടി രാവിലെ പത്തായാൽ കല്ലുമല റാട്ടക്കൊല്ലി നീമയുടെ വീട്ടിലേക്ക്‌ തൊട്ടടുത്ത ആദിവാസി കോളനിയിലെ കുട്ടികൾ പുസ്‌തകവുമെടുത്ത്‌ ഓടും.  ഒരുമാസമായി ഇവരുടെ പഠന വീടാണ്‌  നീമയുടെ വീട്‌.  ഓൺ ലൈൻ ക്ലാസ്‌ ‘ഫസ്‌റ്റ്‌ ബെൽ’ തുടങ്ങിയപ്പോൾ  നീമ വീട്ടിൽ സ്‌കൂൾ തുറന്നു.  ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ 18 പേരാണ്‌ വിദ്യാർഥികൾ. ‌ ബിആർസിയുടെ ‌എഡ്യുക്കേഷൻ വളണ്ടിയറായിരുന്ന നീമക്ക്‌ കോളനിയിൽ ഓൺലൈൻ പഠനത്തിന്റെ ബുദ്ധിമുട്ടുകൾ നന്നായി അറിയാമായിരുന്നു.  ഇത്‌ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ മറ്റൊന്നും ആലോചിച്ചില്ല. വീട്ടിൽ  പഠനസൗകര്യമൊരുക്കി. സ്വന്തം ടിവി പഠനമുറിയിലേക്ക്‌ മാറ്റി. നീമയുടെ അഞ്ചിലും മൂന്നിലും പഠിക്കുന്ന മക്കളും അവരുടെ പഠനം കോളനിയിലെ കുട്ടികൾക്കൊപ്പമാക്കി.   കോട്ടനാട് ഗവ. യുപിയിലേയും മേപ്പാടി ഗവ. ഹയർസെക്കൻഡറിയിലേയും വിദ്യാർഥികളാണ്‌  ഈ സമൂഹ പഠനകേന്ദ്രത്തിൽ എത്തുന്നത്‌. മുൻവർഷങ്ങളിൽ കോളനിയിലെ കുട്ടികളുടെ പഠനകാര്യങ്ങൾ നോക്കിയിരുന്ന നീമക്ക്‌ നിലവിൽ ചുമതല ഇല്ലെങ്കിലും കോവിഡ്‌ കാലത്ത്‌ അതിൽനിന്നും വിട്ടുനിൽക്കാനായില്ല. കുട്ടികളെ സഹായിക്കാൻ വിദ്യാലയങ്ങളിൽനിന്നും അധ്യാപകരും എത്തും‌.  ഇവരുടെ സഹായത്തോടെ കുട്ടികൾക്ക്‌ ലഘുഭക്ഷവും നൽകുന്നുണ്ട്‌. മാസ്‌ക് ധരിപ്പിച്ചും കൈകൾ ശുചിയാക്കിയുമെല്ലാമാണ്‌  ക്ലാസിലിരുത്തുക. ‌ സിപിഐ എം മേപ്പാടി ലോക്കൽ കമ്മിറ്റി അംഗം ഗിരീഷാണ്‌ നീമയുടെ ഭർത്താവ്‌. വീട്ടിൽ കുട്ടികളുടെ പഠനത്തിന്‌ ഗിരീഷിന്റെ പിന്തുണയുമുണ്ട്‌.   Read on deshabhimani.com

Related News