8 തദ്ദേശ സ്ഥാപനങ്ങളുടെ 
പദ്ധതികള്‍ക്ക് അംഗീകാരം



  കൽപ്പറ്റ ജില്ലയിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.  ബത്തേരി, മാനന്തവാടി നഗരസഭകൾ, കൽപ്പറ്റ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകൾ, അമ്പലവയൽ, പൂതാടി, നെൻമേനി, പൊഴുതന  പഞ്ചായത്തുകൾ എന്നിവയുടെ 2023-–-24 വർഷത്തെ പദ്ധതികൾക്കാണ് ആസൂത്രണ സമിതി അംഗീകാരം നൽകിയത്. പൊതുവിഭാഗം, പട്ടികജാതി, പട്ടിക വർഗ ഉപപദ്ധതി എന്നിവയിൽ ഉൾപ്പെടുന്ന വിവിധ പ്രോജക്ടുകളാണ് ആസൂത്രണ സമിതിയുടെ അംഗീകാരത്തിനെത്തിയത്. ബത്തേരി നഗരസഭ 304 പ്രോജക്ടുകൾ അവതരിപ്പിച്ചു.  സമഗ്ര കോളനി വികസനം, ഖര, ദ്രവ്യ മാലിന്യ സംസ്‌കരണം, പ്രാദേശിക സാമ്പത്തിക വികസനം എന്നീ മുൻഗണനാ പ്രോജക്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 119 പ്രോജക്ടുകൾക്ക്  അംഗീകാരം തേടി. ഭവന നിർമാണം,  ഭിന്നശേഷി സൗഹൃദം, നെൽകൃഷി വികസനം  എന്നീ പദ്ധതികൾ അവതരിപ്പിച്ചു. 90 പ്രോജക്ടുകളാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  സമർപ്പിച്ചത്.  ഭവന നിർമാണം, ഭിന്നശേഷി സൗഹൃദം,  ക്ഷീരകർഷകർക്കുള്ള സബ്‌സിഡി തുടങ്ങിയവ അംഗീകാരം നേടി.  നൈപുണ്യ വികസനത്തിനും ആതുരസേവന മേഖലക്കും പദ്ധതിയുണ്ട്. മാനന്തവാടി നഗരസഭയുടെ 454 പദ്ധതികൾ അംഗീകരിച്ചു. 146 പ്രോജക്ടുകളാണ് പൂതാടി പഞ്ചായത്ത്  സമർപ്പിച്ചത്. അമ്പലവയൽ പഞ്ചായത്ത് 248 പ്രോജക്ടുകൾ നൽകി.  പഞ്ചായത്തിനെ പൊതുജന സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സന്തോഷ ഗ്രാമം പദ്ധതിക്കും അംഗീകാരമായി. നെൻമേനി പഞ്ചായത്തിന്റെ 201 പ്രോജക്ടുകൾക്കും പൊഴുതന പഞ്ചായത്തിന്റെ 141 പ്രോജക്ടുകൾക്കും അംഗീകാരം ലഭിച്ചു. യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ്‌ മരയ്‌ക്കാർ അധ്യക്ഷനായി.  ജില്ലാ പ്ലാനിങ് ഓഫീസർ ആർ മണിലാൽ, എ എൻ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.  Read on deshabhimani.com

Related News