സമൂഹ അടുക്കളകൾ സജീവം വിശന്നിരിക്കേണ്ട; അന്നമുണ്ട്‌ അരികെ



കൽപ്പറ്റ മുഖ്യമന്ത്രി പ്രഖ്യാപിച്ച  സമൂഹ അടുക്കള ഏറ്റെടുത്ത്‌ ജില്ലയൊന്നാകെ. കോവിഡ്‌ കാലത്ത്‌  ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന  എല്ലാവർക്കും ഭക്ഷണമെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങളിലൂടെ സജിവ ഇടപെടലുകളാണ്‌ നാടെങ്ങും. കുടുംബശ്രീ, കാറ്ററിങ്‌ യൂണിറ്റുകൾ എന്നിവയുമായി സഹകരിച്ചാണ്‌ ഭക്ഷണം ഉണ്ടാക്കുന്നത്‌. ആരും പട്ടിണി കിടക്കരുതെന്ന സന്ദേശം  യാഥാർഥ്യമാക്കുകയാണ്‌ ഒരോ തദ്ദേശസ്ഥാപനങ്ങളും.  കോവിഡ് കെയർ സെന്റർ, ഹോം ക്വാറന്റൈനിൽ കഴിയുന്നവർ, കിടപ്പിലായവർ, അഗതികൾ എന്നിവർക്കെല്ലാം ഭക്ഷണം നൽകുന്നുണ്ട്‌.      ഓരോ തദ്ദേശസ്ഥാപനങ്ങൾക്ക്‌ കീഴിലും രൂപികരിച്ച ജാഗ്രതാസമിതിയുടെ ഒന്നോ രണ്ടോ അംഗത്തിന്റെ ഫോൺ നമ്പർ വിവിധ വാട്‌സ്‌അപ്പ്‌ ഗ്രൂപ്പുകളിലൂടെയും കോവിഡുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെയും  സന്നദ്ധ പ്രവർത്തകരിലൂടെയും  പരസ്യപെടുത്തി ഇവരുമായി ബന്ധപ്പെട്ടാണ്‌ ഭക്ഷണവിതരണം. ചിലർ ഭക്ഷണത്തിന്‌ തുക നൽകുന്നുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും സൗജന്യമായാണ്‌ നൽകുന്നത്‌. പാർസലായും  ഹോം ഡെലിവറിയായും വിതരണം നടക്കുന്നുണ്ട്‌.  നിലവിൽ 28 ഇടങ്ങളിലാണുള്ളത്‌. ഞായറാഴ്‌ച 6122 പേർക്കാണ്‌ ഭക്ഷണം നൽകിയത്‌. ഇതിൽ 4570 ഭക്ഷണം സൗജന്യമായാണ്‌ വിതരണം.  പ്രഭാതഭക്ഷണത്തിന്‌ ആവശ്യക്കാർ കുറവാണ്‌. 1148പേർക്കാണ്‌ പ്രഭാതഭക്ഷണം എത്തിച്ചത്‌. ഉച്ചഭക്ഷണം 2892 പേർക്കും രാത്രി ഭക്ഷണം 1731 പേർക്കും നൽകി. ഉച്ചഭക്ഷണവും രാത്രിഭക്ഷണവും സുഭിക്ഷമായി നൽകുന്നുണ്ട്‌. ഊൺ, സാമ്പാർ, ഉപ്പേരി, അച്ചാർ, പപ്പടം എന്നിവയെല്ലാമാണ്‌ വിഭവങ്ങൾ. പാഴ്‌സലായി 346 പൊതികളാണ്‌ ഞായറാഴ്‌ച നൽകിയത്‌. കണിയാമ്പറ്റ ശ്രീവിനായക കാറ്ററിങ് സർവീസാണ്‌ കൂടുതൽ ഭക്ഷണം നൽകിയത്‌. മൂന്ന്‌ നേരവും 482 വീതം  ഭക്ഷണപൊതികൾ നൽകി. കുടുംബശ്രീയുടെ കീഴിൽ മാത്രം 15 കമ്യുണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നുണ്ട്‌.   Read on deshabhimani.com

Related News