വന്യമൃഗശല്യ പ്രതിരോധം: പദ്ധതികളുടെ ടെൻഡറായി



  മാനന്തവാടി വന്യമൃഗശല്യ പ്രതിരോധത്തിന്‌ ഒ ആർ കേളു എംഎൽഎയുടെ  ആസ്തി വികസന ഫണ്ടിൽനിന്ന്‌ തുക വിനിയോഗിച്ചുള്ള പദ്ധതികളുടെ ടെൻഡറായി. ആറ്‌ പദ്ധതികളാണ്‌ ടെൻഡറിന്‌ വച്ചിട്ടുള്ളത്‌. ടെൻഡർ ക്വാട്ട്‌ ചെയ്യേണ്ട അവസാന തിയതി 31 ആണ്‌. ബേഗൂർ, പേര്യ റെയ്‌ഞ്ചുകളിലാണ്‌ പദ്ധതികൾ. രണ്ട്‌ കോടി രൂപയാണ്‌ വന്യമൃഗശല്യ പ്രതിരോധത്തിനായി എംഎൽഎ  മാറ്റിവച്ചിട്ടുള്ളത്‌. സോളാർ ഹാങ്ങിങ് ഫെൻസിങ്ങാണ്‌ നടപ്പാക്കുന്നത്‌.   നോർത്ത്‌ വയനാട്‌ ഡിവഷനിലെ ഓലഞ്ചേരി–- കാപ്പിക്കണ്ടി (17 ലക്ഷം), കാപ്പിക്കണ്ടി–-കാളിന്ദി(12.75ലക്ഷം),  മുത്തുമാരി–-ചാത്തനാട് (25.5ലക്ഷം), അരണപ്പാറ റേഷൻകട–-തോൽപ്പെട്ടി (29.75 ലക്ഷം), ഇരുമ്പുപാലം–-കാപ്പിക്കണ്ടി (51 ലക്ഷം),  പാൽവെളിച്ചം ബാവലി (25.5ലക്ഷം) എന്നിവയാണ്‌  ടെൻഡറിന്‌ വച്ചിട്ടുള്ള പദ്ധതി കൾ.  പേര്യ റെയ്‌ഞ്ചിലെ മേലെ വരയാൽ–-താരാബായി(12.5 ലക്ഷം) പദ്ധതി നേരത്തെ ടെൻഡറായതാണ്‌. സംസ്ഥാനത്തുതന്നെ ആദ്യമായാണ്‌ ഒരു എംഎൽഎ  വന്യമൃഗശല്യ പ്രതിരോധത്തിനായി  ആസ്‌തിവികസന ഫണ്ട്‌ മാറ്റിവയ്‌ക്കുന്നതും പദ്ധതികൾക്ക്‌ നേതൃത്വംനൽകുന്നതും. സംസ്ഥാന സർക്കാർ പദ്ധതികളിലൂടെ മാത്രം  വന്യമൃഗശല്യത്തിന്‌  പരിഹാരം കാണൽ ദുഷ്‌കരമാണെന്നതിനാലാണ്‌ എംഎൽഎ ഫണ്ടുകൂടി വിനിയോഗിച്ച്‌ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത്‌.  രൂക്ഷമായ വന്യമൃഗശല്യമുള്ള മണ്ഡലമാണ്‌ മാനന്തവാടി. കഴിഞ്ഞ 12നാണ്‌ പുതുശ്ശേരി ആലക്കണ്ടയിൽ കർഷകനെ കടുവ ആക്രമിച്ച്‌ കൊന്നത്‌. പകൽപോലും കാട്ടാനകൾ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വിഹരിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ രൂപയുടെ കൃഷിനാശമാണ്‌ ഓരോ വർഷവുമുണ്ടാകുന്നത്‌. ജീവൻ ഭയന്നാണ്‌ വനങ്ങളോട്‌ ചേർന്നുള്ള പ്രദേശങ്ങളിൽ ആളുകൾ താമസിക്കുന്നത്‌. കാടും നാടും വേർതിരിച്ച്‌ വന്യമൃഗങ്ങൾ കാടിറങ്ങുന്നത്‌ തടയുകയെന്നതാണ്‌ ശാശ്വത പരിഹാരം. സംസ്ഥാന സർക്കാർ വനം വകുപ്പുവഴി വിവിധ  പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും പൂർണ പരിഹാരമാകുന്നില്ല. ലക്ഷക്കണക്കിന്‌ രൂപ നഷ്ടപരിഹാരവും നൽകുന്നുണ്ട്‌.     Read on deshabhimani.com

Related News