കടുവാപ്പേടിയിൽ ഗ്രാമങ്ങൾ



  ബത്തേരി കടുവ ഭീഷണിയിൽ വനാതിർത്തി ഗ്രാമങ്ങൾ. ബത്തേരി നഗരസഭയിലെയും മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെയും ചില ഗ്രാമങ്ങളിലാണ്‌ കഴിഞ്ഞ ഒരാഴ്‌ചയായി കടുവയുടെ സാന്നിധ്യമുള്ളത്‌. ആർമാട്‌, മന്തംകൊല്ലി, പുല്ലുമല, വാകേരി, കക്കടം, രണ്ടാം നമ്പർ പ്രദേശങ്ങളിലാണ്‌ പലരും കടുവയെ കണ്ടത്‌. രാവിലെ ക്ഷീരസംഘത്തിൽ പാലളക്കാൻ പോയവരും എസ്‌റ്റേറ്റ്‌ തൊഴിലാളികളും ചില ദിവസങ്ങളിൽ കടുവയെ നേരിൽ കണ്ടതായി പറഞ്ഞു. ചൊവ്വ രാവിലെ എട്ടരക്ക്‌ വാകേരി ഗ്രീൻവാലി എസ്‌റ്റേറ്റിന്‌ സമീപം കക്കടം–-രണ്ടാംനമ്പർ റോഡരികിലെ കാപ്പിത്തോട്ടത്തിൽ ബൈക്ക്‌ യാത്രക്കാർ കടുവയെ കണ്ടു. പിന്നീട്‌ ഇതുവഴി എത്തിയ മീൻവിൽപ്പക്കാരന്റെ വാഹനത്തിന്‌ മുന്നിലും കടുവ ചാടി. ആളുകൾ കൂടിയതോടെ കടുവ ഗ്രീൻവാലി എസ്‌റ്റേറ്റിലേക്ക്‌ കയറിപ്പോയി. വനപാലകർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. എട്ടുവയസ്‌ പ്രായമുള്ള കടുവയാണിതെന്നാണ്‌ വനംവകുപ്പിന്റെ നിഗമനം. കഴിഞ്ഞ ദിവസം ഗ്രീൻവാലി എസ്‌റ്റേറ്റ്‌ തൊഴിലാളി സുധയുടെ വളർത്തുനായയെ കടുവ കൊന്നിരുന്നു. തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കടുവ കൊന്നിട്ട മാനിന്റെ ജഡവും കണ്ടെത്തി. ഇതിനിടെ കടുവ ശല്യത്തിന്‌ പരിഹാരം ആവശ്യപ്പെട്ട്‌ നാട്ടുകാർ ജനകീയസമിതി നേതൃത്വത്തിൽ മൂന്നാനക്കുഴി ഫോറസ്‌റ്റ്‌ സെക്ഷൻ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി വാസുദേവൻ ഉദ്‌ഘാടനം ചെയ്‌തു. എം ആർ ശശിധരൻ, കെ കെ വിശ്വനാഥൻ, കെ ഷിബിൻ എന്നിവർ സംസാരിച്ചു. വിവരമറിഞ്ഞ്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രനും മൂന്നാനക്കുഴിയിലെത്തി. Read on deshabhimani.com

Related News