ബത്തേരി ആശുപത്രിയിൽ ആധുനിക സൗകര്യങ്ങൾ



ബത്തേരി താലൂക്ക്‌ ആശുപത്രിയിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികൾ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനംചെയ്‌തു. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ മികച്ച സേവനമാണ്‌ രോഗികൾക്ക്‌ ലഭിക്കുന്നതെന്ന്‌  മന്ത്രി പറഞ്ഞു.  സർക്കാർ ആശുപത്രികൾ സാധാരണക്കാരുടെ ആശ്രയമാണ്‌. രോഗികൾക്ക്‌ മികച്ച ചികിത്സയും നല്ല സമീപനവും ആശ്വാസവും പകരുന്ന അന്തരീക്ഷമാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. താലൂക്ക്‌ ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടർമാരുടെ കുറവ്‌ നികത്തി പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.  നവീകരിച്ച കാഷ്വാലിറ്റി ബ്ലോക്ക്‌, ഓപ്പറേഷൻ തിയറ്റർ,  സോളാർ പ്ലാന്റ്‌, ഓക്‌സിജൻ ജനറേഷൻ പ്ലാന്റ്‌, ലിഫ്‌റ്റുകൾ, പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ ജില്ലാ പരിശീലന കേന്ദ്രം, ക്യാൻസർ കീമോതെറാപ്പി യൂണിറ്റ്‌, ഭിന്നശേഷി കുട്ടികളുടെ ഫിസിയോതെറാപ്പി യൂണിറ്റ്‌, റിങ്‌ റോഡുകൾ, ലിക്വിഡ്‌ മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ്‌, വേങ്ങൂർ ഗ്രാമീണ പിഎച്ച്‌എസ്‌സി പോളി ക്ലിനിക്‌ തുടങ്ങിയവയുടെ ഉദ്‌ഘാടനമാണ്‌  മന്ത്രി നിർവഹിച്ചത്‌. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട്‌ ഡോ. കെ വി സിന്ധു, നഗരസഭ ചെയർമാൻ ടി കെ രമേശ്‌, ഡിഎംഒ ഡോ. പി മിനീഷ്‌, ഡിപിഎം ഡോ. സമീഹ സെയ്‌തലവി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അമ്പിളി സുധി, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്ഥിരംസമിതി ചെയർപേഴ്‌സൺ ലതാ ശശി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ സ്വാഗതവും എ വിജയനാഥ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News