തണല്‍ ഷെല്‍ട്ടര്‍ ഹോമും 
മുണ്ടേരി പാര്‍ക്കും തുറന്നു



കൽപ്പറ്റ മുണ്ടേരിയിൽ നിർമിച്ച തണലോരം ഷെൽട്ടർ ഹോമും നഗരസഭാ പാർക്കും പ്രവർത്തനം തുടങ്ങി. ഉറ്റവരില്ലാതെ കൽപ്പറ്റ നഗരത്തിലെത്തി അന്തിയുറങ്ങുന്നവർക്കായാണ് നഗരസഭ മുണ്ടേരിയിൽ തണലോരം ഷെൽട്ടർ ഹോം നിർമിച്ചത്. ആറ്‌ കുടുംബങ്ങളിലെ അംഗങ്ങളടക്കം 27 പേരെ തുടക്കത്തിൽ ഇവിടെ താമസിപ്പിക്കും. ഉപജീവനത്തിന്‌ നഗരത്തിൽ ചെയ്യുന്ന തൊഴിൽ തുടരാൻ ഇവരെ അനുവദിക്കും. ദേശീയ നഗര ഉപജീവന ദൗത്യത്തിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ ചെലവിൽ പണിത മൂന്നുനില കെട്ടിടത്തിൽ 16 മുറികളും രണ്ട്‌ ഹാളും അടുക്കള ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളുമുണ്ട്.  മാനേജരടക്കം മൂന്ന്‌ കെയർടേക്കർമാരും ഷെൽട്ടർ ഹോമിൽ ഉണ്ടാകും.     60 ലക്ഷം രൂപ ചെലവിലാണ് മുണ്ടേരിയിൽ പാർക്ക് നവീകരിച്ചത്. മുണ്ടേരി പാർക്കിൽ നടന്ന ചടങ്ങിൽ ഷെല്‍ട്ടര്‍ ഹോമും മുണ്ടേരി പാര്‍ക്കും ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ കെ അജിത, സെക്രട്ടറി അലി അസ്‌കർ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ടി ജെ ഐസക്ക്, ജൈന ജോയ്, ഒ സരോജിനി, സി കെ ശിവരാമൻ, അഡ്വ. എ പി മുസ്തഫ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News