എന്റെ കേരളം മെഗാ പ്രദർശന 
വിപണന മേള ഏപ്രിൽ 24 മുതൽ



കൽപ്പറ്റ   സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് എന്റെ കേരളം - മെഗാ പ്രദർശന വിപണന മേള കൽപ്പറ്റയിൽ നടക്കും. ഏപ്രിൽ 24 മുതൽ 30 വരെ എസ്‌കെഎംജെ ഹൈസ്‌കൂൾ മൈതാനത്ത് നടക്കുന്ന മേളയിൽ വിവിധ വകുപ്പുകളുടെ നൂറോളം സ്റ്റാളുകളുണ്ടാകും. ‘യുവതയുടെ കേരളം,  കേരളം ഒന്നാമത്' എന്നതാണ് മേളയുടെ ആശയം. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളും  സംസ്ഥാനം കൈവരിച്ച മികവുകളും നേട്ടങ്ങളും പ്രദർശന വിപണന മേളയിൽ അവതരിപ്പിക്കും. ജില്ലാ ഭരണവിഭാഗവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് എന്റെ കേരളം മേള നടത്തുന്നത്.  സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദർശന സ്റ്റാളുകൾ, വ്യവസായ വകുപ്പിന് കീഴിലെ സംരംഭക യൂണിറ്റുകൾ, കുടുംബശ്രീ എന്നിവർ അണിനിരക്കുന്ന വിപണനമേള, ബി ടു ബി മീറ്റ്, പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള ക്ലിനിക്കുകൾ, ടെക്നോളജി പ്രദർശനം, ചർച്ചാവേദി, ഭക്ഷ്യമേള, കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനം, ടൂറിസം പവിലിയൻ, കിഫ്ബി സ്റ്റാൾ, കുട്ടികൾക്കായുള്ള പ്ലേ ഏരിയ എന്നിവ മേളയുടെ ആകർഷണമാകും.  ദിവസവും വൈകിട്ട്  പ്രമുഖ കലാസംഘങ്ങളുടെ  സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പുതുമയുള്ളതും വേറിട്ടതുമായ രീതിയിൽ വാർഷികാഘോഷം നടത്താൻ  മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം തീരുമാനിച്ചു. ആസൂത്രണ ഭവനിൽ ചേർന്ന യോഗത്തിൽ ഒ ആർ കേളു എംഎൽഎ,  കലക്ടർ ഡോ. രേണുരാജ്, എഡിഎം എൻ ഐ ഷാജു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ കെ റഫീഖ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു, ജില്ലാതല  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.   കലക്ടർ ഡോ. രേണുരാജ് ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു കൺവീനറുമായ മുഖ്യ സംഘാടകസമിതിയുടെ ഭാഗമായി ഒമ്പത് സബ് കമ്മിറ്റികളും പ്രവർത്തിക്കും. Read on deshabhimani.com

Related News