ചർമമുഴ പടരാതിരിക്കാൻ നടപടി വേണം



ബത്തേരി കന്നുകാലികളിൽ വ്യാപകമാവുന്ന ചർമമുഴ രോഗത്തിനും തുടരെയുണ്ടാുവുന്ന വന്യമൃഗ ശല്യത്തിനുമെതിരെ ആവശ്യമായ നടപടികൾ ഉണ്ടാവണമെന്ന്‌ ബത്തേരി ക്ഷീരസഹകരണസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചർമമുഴ രോഗം പടരുന്നത്‌ കർഷകരെ പ്രതികൂലമായി ബാധിക്കും. രോഗാവസ്ഥയിള്ള പശുക്കൾക്ക്‌ പാൽ ഉൽപ്പാദനശേഷി കുറയുകയോ പൂർണമായി നിലയ്‌ക്കുകയോ ചെയ്യും. ഗുരുതരമായി രോഗം ബാധിക്കുന്ന കന്നുകാലികളിൽ പലതും ചാവാനും ഇടയാക്കും. ചർമമുഴക്ക്‌ കാരണമാകുന്ന വൈറസ്‌ അന്തരീക്ഷത്തിലൂടെ അഞ്ച്‌ കിലോമീറ്റുകളുടെ ചുറ്റളവിൽ രോഗം പരത്താൻ കഴിവുള്ളതിനാൽ പ്രതിരോധ കുത്തിവയ്‌പ്‌ മാത്രമാണ്‌ നിലവിലുള്ള പരിഹാര മാർഗം. സംഘത്തിൽ പാലളക്കുന്ന കർഷകരിൽ ചിലരുടെ പശുക്കൾ ചത്തത്‌ കാരണം അവർ സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ചത്ത പശുക്കളുടെ ഉടമസ്ഥർക്ക്‌ അടിയന്തരമായി കുറഞ്ഞത്‌ ഒരുലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകുകയും ചികിത്സയിലുള്ള പശുക്കളുടെ ഉടമസ്ഥർക്ക്‌ സാമ്പത്തിക സഹായവും സൗജന്യ കാലിത്തീറ്റയും നൽകണം.  രോഗം ഫലപ്രദമായി  തടയുന്നതിന്‌ കുത്തിവയ്‌പ്‌ വ്യാപകമാക്കണം. പൊന്മുടിക്കോട്ട, ചൂരിമല തുടങ്ങിയ പ്രദേശങ്ങളിൽ കടുവയും പുലിയും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത്‌ തുടരുന്നു. ആക്രമണങ്ങൾക്കിരയാകുന്ന കന്നുകാലികളുടെ ഉടമകൾക്ക്‌  മതിയായ നഷ്ടപരിഹാരം നൽകണം. കൂടുകളും തൊഴുത്തുകളും ബലപ്പെടുത്തുന്നതിനും പുതിയവ നിർമിക്കുന്നതിനും ക്ഷീരകർഷകർക്ക്‌ സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണം. മുഴുവൻ കന്നുകാലികളെയും വാക്‌സിനേഷന്‌ വിധേയമാക്കണം. ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച്‌ സംഘം ഭരണസമിതി മുഖ്യമന്ത്രിയെയും മൃഗസംരക്ഷണ മന്ത്രിയെയും നേരിൽകണ്ട്‌ നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.  പ്രസിഡന്റ്‌ കെ കെ പൗലോസ്‌, വൈസ്‌ പ്രസിഡന്റ്‌ കെ സി ഗോപിദാസ്‌, ഡയറക്ടർമാരായ ബേബി വർഗീസ്‌, എം ഭാസ്‌കരൻ, സിന്ധു ഹരിദാസ്‌, സെക്രട്ടറി പി പി വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News