കുഴൽപ്പണക്കടത്ത്‌: അന്വേഷണം ഊർജിതം

പിടികൂടിയ കള്ളപ്പണവുമായി ജില്ലാ പൊലീസ്‌ മേധാവി അരവിന്ദ്‌ സുകുമാർ


  ബത്തേരി മുത്തങ്ങയിൽ ഒന്നേമുക്കാൽ കോടിയുടെ കുഴൽപ്പണം പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതപ്പെടുത്തിയതായി ജില്ലാ പൊലീസ്‌ മേധാവി ഡോ. അരവിന്ദ്‌ സുകുമാർ അറിയിച്ചു. വ്യാഴം വൈകിട്ട്‌ നാലിനാണ്‌ കർണാടകയിൽനിന്ന്‌ പച്ചക്കറി കയറ്റിവന്ന പിക്കപ്പ്‌ വാഹനത്തിന്റെ മുന്നിലെ രഹസ്യഅറയിൽ ഒളിപ്പിച്ച്‌ കടത്തിക്കൊണ്ടുവന്ന കുഴൽപ്പണം പൊലീസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ്‌ പിടിച്ചെടുത്തത്‌. സംഭവത്തിൽ കൊടുവള്ളി കൊടയക്കുന്നിൽ ആറ്റക്കോയ (24), മൂടൻ ബസാർ കരിമ്പനക്കാട്ടിൽ മുസ്‌തഫ (31) എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്താൽ മാത്രമേ കുഴൽപ്പണം കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. പിടികൂടിയ പണത്തിൽ അഞ്ഞൂറിന്റെ ഒരു നോട്ട്‌ കള്ളനോട്ടാണെന്ന്‌ പരിശോധനയിൽ തെളിഞ്ഞു. ജില്ലയിൽ കർണാടകയും തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന എല്ലാ അതിർത്തികൾ വഴിയും കള്ളനോട്ട്‌ എത്തുന്നതായി വിവരമുള്ളതിനാൽ പരിശോധന ശക്തിപ്പെടുത്തും. പിടിയിലായ വാഹനം എത്രതവണ അതിർത്തി കടന്നുപോയെന്നത്‌ സംബന്ധിച്ചും പ്രതികളുടെ മുൻ കേസുകൾ സംബന്ധിച്ചുമുള്ള പരിശോധനകൾ തുടരുകയാണ്‌.   Read on deshabhimani.com

Related News