വന്യമൃഗങ്ങളുടെ‌ ചികിത്സാലയം ഉടൻ തുറക്കും

കുറിച്യാട്‌ റെയ്‌ഞ്ചിലെ പാച്ചാടിയിൽ ഒരുങ്ങുന്ന വന്യമൃഗ ചികിത്സാലയം


കൽപ്പറ്റ വന്യമൃഗങ്ങൾക്കായി വനംവകുപ്പ്‌ നിർമിക്കുന്ന ചികിത്സാലയത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. വയനാട്‌ വന്യജീവി സങ്കേതത്തിലെ കുറിച്യാട്‌ റെയ്‌ഞ്ചിൽ പാച്ചാടിലാണ്‌ കേന്ദ്രം നിർമിക്കുന്നത്‌. പരിക്കേറ്റതും പ്രായാധിക്യം കാരണം അവശതയനുഭവിക്കുന്നതുമായ കടുവ, പുലി തുടങ്ങിയവയ്‌ക്കായാണ്‌ കേന്ദ്രം തുടങ്ങുന്നത്‌. പിടികൂടുന്നതും പരിക്കേറ്റതുമായ കടുവകളുടെയും  പുലികളുടെയും ചികിത്സ വനംവകുപ്പിന്‌ ഒരു കീറാമുട്ടിയായിരുന്നു. ഇതിന്‌ പരിഹാരമായാണ്‌ ചികിത്സാലയം സ്ഥാപിക്കുന്നത്‌. വനംവകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട വനലക്ഷ്‌മി കുരുമുളക്‌ പദ്ധതി പ്രദേശത്ത്‌ 90 ലക്ഷം രൂപ ചെലവിലാണ്‌ നിർമാണം. മൃഗങ്ങളെ സംരക്ഷിക്കാൻ ഇരുഭാഗങ്ങളിലുമായി രണ്ടുവീതം മുറികളാണുള്ളത്‌. ഇവയോട്‌ ചേർന്ന്‌ 500 ചതുരശ്ര അടിയുള്ള  ചുറ്റിലും ചെയിൻ ഫെൻസിങ്ങിട്ട്‌ സുരക്ഷിതമാക്കിയ പ്രദേശവും സജ്ജമാക്കും. സംരക്ഷണാർഥം കേന്ദ്രത്തിനുചുറ്റും കിടങ്ങും നിർമിച്ചിട്ടുണ്ട്‌. ജീവനക്കാർക്ക്‌ താമസിക്കാനുള്ള ക്വാർട്ടേഴ്‌സിന്റെയും മൃഗങ്ങൾക്ക്‌ ഭക്ഷണവും വെള്ളവും  സംഭരിച്ചുവയ്‌ക്കാനുള്ള മുറികളുടെയും നിർമാണമാണ്‌ നിലവിൽ നടക്കുന്നത്‌.   നാല്‌ മൃഗങ്ങളെ ഒരേസമയം സംരക്ഷിക്കാനാവുന്ന തരത്തിലാണ്‌ കേന്ദ്രമൊരുക്കുന്നത്‌. പരസ്‌പരം ഏറ്റുമുട്ടി പരിക്കേറ്റതും പ്രായാധിക്യത്താൽ  ജനവാസകേന്ദ്രത്തിലിറങ്ങി ഭീതി പരത്തുന്നതുമായ കടുവ, പുലി എന്നിവയെയാണ്‌ പിടികൂടി സംരക്ഷിക്കുക. സുഖം പ്രാപിച്ചാൽ മൃഗശാലയിലേക്ക്‌ മാറ്റുകയോ, വനത്തിലേക്ക്‌  വിടുകയോ ആണ്‌ ചെയ്യുക. സംസ്ഥാനത്താദ്യമായാണ്‌ വന്യമൃഗങ്ങൾക്കായി ചികിത്സാലയം ഒരുങ്ങുന്നത്‌.  അടുത്തമാസം അവസാനത്തോടെ കേന്ദ്രം ഉദ്‌ഘാടനംചെയ്യുമെന്ന്‌ ഡിഎഫ്‌ഒ നരേന്ദ്രനാഥ്‌ പറഞ്ഞു.  Read on deshabhimani.com

Related News